കഴക്കൂട്ടം: കഴക്കൂട്ടം ഫെറോനയിലെ സെന്റ്. ജോസഫ് ഇടവകയില്‍ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഹോം മിഷന്റെ തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിലവിലെ പാരിഷ് കൗണ്‍സില്‍ യോഗം ചേർന്നു. ഇടവക വികാരി ഫാ. ദീപക് ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിശിഷ്ടാതിഥിയായി അതിരൂപതാ ബി.സി.സി എക്‌സികൂട്ടീവ് സെക്രട്ടറി ഫാദര്‍ ഡാനിയേല്‍ ആര്‍. പങ്കെടുത്തു.
2018 മാര്‍ച്ച് 7 മുതല്‍ 11വരെയാണ് ഇടവകയിൽ ഹോം മിഷൻ നടന്നത്. അന്ന് സമർപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇടവക കൗൺസിൽ വായിക്കുകയും അതിലെ നിരീക്ഷണങ്ങൾക്ക് അതീവപ്രാധാന്യം നൽകുകയും ചെയ്തു. റിപ്പോർട്ടിൽ ഉൾകൊള്ളിച്ചിരിക്കുന്ന നീരിക്ഷണങ്ങളും നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങളും ഇപ്പോഴും പ്രസക്തിയുള്ളതാണെന്ന് യോഗം വിലയിരുത്തി. ഇതിന്റെ തുടർപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ബി.സി.സി എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ ആവശ്യപ്പെട്ടു. അതിന്റെയടിസ്ഥാനത്തിൽ 2024 മാർച്ചിൽ രൂപംകൊടുക്കുന്ന പ്ളാനിംഗ് ബഡ്ജറ്റ് ഹോം മിഷൻ റിപ്പോർട്ടിന് പ്രാധാന്യം നൽകി രൂപപ്പെടുത്തുമെന്ന് ഇടവക കൗൺസിൽ തീരുമാനമെടുത്തു.
ഹോം മിഷൻ നടപ്പിലാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും മൂന്നാംഘട്ടമായ തുടർപ്രവർത്തനങ്ങൾ നടക്കാത്ത ഇടവകകൾക്ക് വലിയ പ്രചോദനമായി മാറുകയാണ് കഴക്കൂട്ടം സെന്റ്. ജോസഫ് ഇടവക. മറ്റ് ഇടവകകളും ഈ മാതൃക ഉൾക്കൊണ്ട് പുതിയ പ്ളാനിംഗ് ബഡ്ജറ്റുകൾ രൂപീകരിക്കാൻ പോകുന്ന ഈ അവസരത്തിൽ കുടുംബകേന്ദ്രീകൃത അജപാലന പ്രവർത്തനമായ ഹോം മിഷൻ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകി ശക്തിപ്പെടണമെന്ന് ഫാ. ഡാനിയേൽ ആവശ്യപ്പെട്ടു.