വലിയതുറ: ക്രിസ്തുമസ് വെറുമൊരു ആഘോഷം മാത്രമല്ല, അപരനെ കൈപിടിച്ച് ഉയർത്തുന്ന ക്രിസ്തുദർശനം പ്രാവർത്തികമാക്കുമ്പോഴാണ് ക്രിസ്തുമസ് ആഘോഷം പൂർണ്ണമാകുന്നത്. ഈയൊരു ദർശനം തിരിച്ചറിഞ്ഞ് അത് പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് വലിയതുറ സെന്റ്. ആന്റണീസ് ഇടവകയിലെ കെ.സി.വൈ.എം. യുവജനങ്ങൾ.
ഇടവകയിലെ ഒരു നിർധന കുടുംബത്തിന്റെ സ്വപ്നമായിരുന്ന ഭവനം പൂർത്തീകരിച്ചുകൊണ്ടാണ് ക്രിസ്തുമസ് ആഘോഷം പൂർണ്ണതയിലെത്തിച്ചത്. ഡിസംബർ 31 ഞായറാഴ്ച വലിയതുറ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് ഭവനം ആശീർവദിച്ച് ഉടമയ്ക്ക് താക്കോൽ നൽകി. സഹവികാരി ഫാദർ ഫ്രാങ്ക്ലിൻ, സിസ്റ്റർ ഷൈനി, ഒപ്പം യുവജനങ്ങളും സന്നിഹിതരായിരുന്നു.
യുവജനങ്ങൾ ഈ ഭവന നിർമ്മാണത്തിനുള്ള തുക കണ്ടെത്തിയതും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ശുദ്ധീകരണ ആത്മാക്കളുടെയും വിശുദ്ധന്മാരുടെയും ദിവസങ്ങളിൽ ഫ്ലവർസ്റ്റാൾ നടത്തിയും, വാർഡുകളിൽ ക്രിസ്തുമസ് കരോൾ നടത്തിയും, ഓരോ ഭവനങ്ങൾ തോറും പോയി ആക്രികൾ സാധനങ്ങൾ ശേഖരിച്ച് വിറ്റ് കിട്ടിയതുമായ തുകയാണ് ഈ മാതൃകാപരമായ സംരഭത്തിന് ഉപയോഗിച്ചത്. ഇതുകൂടാതെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സുമനസ്സുകളിൽ നിന്നും സംഭാവനകളും ലഭിച്ചിരുന്നു. ഇതേ മാതൃകയിൽ നിർമ്മിക്കുന്ന നാലാമത്തെ ഭവനമാണിത്.