വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞ ആദ്യത്തെ പാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വരും വർഷങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ന്യൂസ് സർവീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ട് പതിനാറാമൻ പാപ്പ നൽകിയ നൂറ്റിമുപ്പതോളം പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകമായാണ് പുറത്തിറക്കുക. പാപ്പ ആയിരിക്കുമ്പോൾ നടത്തിയ 30 സന്ദേശങ്ങളും സ്ഥാനത്യാഗം നടത്തിയ ശേഷം വിശ്രമ ജീവിതം നയിച്ചിരിന്നിടത്ത് അംഗങ്ങൾക്ക് നൽകിയ നൂറിലധികം സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.