വത്തിക്കാന്‍ സിറ്റി: യുദ്ധത്താല്‍ സര്‍വ്വതും തകര്‍ന്ന യുക്രൈൻ സ്വദേശികളായ ദമ്പതികളുടെ മൂന്നു മാസം പ്രായം മാത്രമുള്ള കുഞ്ഞിന് ഫ്രാൻസിസ് പാപ്പ ജ്ഞാനസ്നാനം നൽകി. വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പയുടെ വസതിയായ സാന്താ മാർത്തയിലെ ദേവാലയത്തിൽവെച്ചായിരിന്നു തിരുക്കര്‍മ്മം. വിത്താലി – വീത്ത ദമ്പതികളുടേതാണ് ജ്ഞാനസ്നാനം സ്വീകരിച്ച സഖറി എന്ന ആൺകുഞ്ഞ്. ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന പ്രോ-ലൈഫ് കുടുംബമാണ് ഇവരുടേത്.
ലളിതമായ രീതിയിലായിരിന്നു തിരുകർമ്മങ്ങൾ. ഏറെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിൽ വലിയ സന്തോഷത്തിന്റെ നിമിഷമാണ് ജ്ഞാനസ്നാനകർമം തങ്ങൾക്കു സമ്മാനിച്ചതെന്നു മാതാപിതാക്കൾ പങ്കുവെച്ചു. റഷ്യൻ അധിനിവേശം കൂടുതൽ വഷളാക്കിയ നിരവധി കുടുംബ ബുദ്ധിമുട്ടുകൾക്കിടയിലും സമീപ വർഷങ്ങളിൽ ദൈവത്തിന്റെ കരുതൽ അനുഭവിച്ചതായി അവർ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലെ കാമിയാനെറ്റ്സ് – പോഡിൽസ്കിയിലാണ് കുടുംബം താമസിക്കുന്നത്. യുദ്ധങ്ങൾക്ക് നടുവിലും ദൈവം എപ്പോഴും തങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നുണ്ടെന്നും അതിന് ദൈവത്തിനു ഞങ്ങൾ നന്ദി പറയുകയാണെന്ന് കുഞ്ഞിന്റെ മാതാവ് പറഞ്ഞു.