ബേപ്പൂർ: ബേപൂരിൽ നിന്നും മത്സ്യബന്ധനത്തിന് ആഴക്കടലില്പോയ അടിമലത്തുറ സ്വദേശി ഡേവിഡിന്റെയും മല്ലികയുടെയും മകൻ കുഞ്ഞുമോനെ (20) കാണാതായി.
മത്സ്യബന്ധനത്തിനിടെ മലപ്പുറം സ്വദേശിയുടെ ട്രോളിംഗ് ബോട്ടിൽനിന്നും കടലിൽ വീണതിനെത്തുടർന്ന് കാണാതായി എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. തിങ്കളാഴ്ച രാത്രി പത്തരയോടെ തുറമുഖത്തുനിന്നും 90 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. നവംബർ 3 നാണ് കുഞ്ഞുമോൻ അയൽ വാസികളുമായി ബേപ്പൂരിൽ മത്സ്യബന്ധനത്തിനായി പോയത്. കുഞ്ഞുമോനുൾപ്പെടെ 14 തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവരും സമീപത്തെ മറ്റുബോട്ടിലുണ്ടായിരുന്നവരും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. ബേപ്പൂർ കോസ്റ്റൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.