പൂത്തുറ: പൂത്തുറ ഇടവകയിൽ കേരള പോലീസിന്റെ സഹകരണത്തോടെ മദ്യ – ലഹരി വിരുദ്ധ ട്രാഫിക് ബോധവൽക്കരണ സെമിനാർ നടന്നു. ഇടവക വികാരി ഫാദർ ബീഡ് മനോജ് അമാദോയുടെ അധ്യക്ഷതയിൽ കടയ്ക്കാവൂർ സിഐ സജിൻ ലൂയിസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പാറശ്ശാല തരംഗിണി ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ അജേഷ് സെമിനാർ നയിച്ചു .
വാർദ്ധക്യത്തിൽ എത്തുമ്പോഴാണ് നഷ്ടപ്പെടുത്തിയ യുവത്വത്തിന്റെ വില നാമറിയുന്നത് അതുപോലെ രോഗാവസ്ഥയിൽ ആയിരിക്കുമ്പോഴാണ് ആരോഗ്യത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. ഇന്ന് യുവജനശക്തിയെ പ്രത്യേകിച്ച് അവരുടെ കഴിവുകളെ നന്മകളെ സർഗ്ഗശേഷിയെ പഠന മേഖലകളെ ജോലി സാധ്യതകളെയൊക്കെ നശിപ്പിക്കുന്ന വലിയ ദുരന്തമായി ലഹരി മാറിക്കഴിഞ്ഞു എന്നും ഈ ദുരന്തത്തിൽ നിന്നും കുട്ടികളെയും യുവജനങ്ങളെയും കരകയറ്റുന്നതിന് നാമെല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ഇടവക വികാരി ഓർമ്മപ്പെടുത്തി .മനുഷ്യമനസ്സുകളെ മയക്കി മായാവലയത്തിൽ ആക്കുന്ന വിവിധതരം ലഹരിവസ്തുക്കൾ ഇന്ന് കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ സുലഭം ആണെന്നും, ഇതിൽ നിന്നും ഒഴിഞ്ഞുമാറി എങ്ങനെ തരണം ചെയ്യാൻ സാധിക്കും എന്നും, പിടിക്കപ്പെട്ടാൽ നിയമപരമായി നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും, ലഹരിവസ്തുക്കളിൽ കുട്ടികളും യുവജനങ്ങളും എങ്ങനെയാണ് ആകൃഷ്ടരാകുന്നതെന്നും, എങ്ങനെയാണ് വശീകരിച്ച് കെണിയിൽ പെടുത്തുന്നതെന്നും, വിവിധ പോലീസ് സ്റ്റേഷനുകളിൽ വന്ന ചില കേസുകൾ ചൂണ്ടിക്കാണിച്ച് ഇതിനെതിരെ എല്ലാവരും ഒരുമയോടെ ജാഗ്രത പുലർത്തണമെന്ന് തൻറെ ഉദ്ഘാടന പ്രസംഗത്തിൽ സിഐ സജിൻ ലൂയിസ് മുന്നറിയിപ്പ് നൽകി .
ചിറയിൻകീഴ് സിഐ കണ്ണൻ അഞ്ചുതെങ്ങ്, സി ഐ പ്രജീഷ്, എ എസ് ഐ പ്രകാശൻ ഇടവക സെക്രട്ടറി ജെറോം ജോസഫ്, ഡീക്കൻ ഗോഡ്വിൻ, ഫെറോന ആനിമേറ്റർ അനിത ജോയ്, ശ്രീമതി ലില്ലി ഫ്രാൻസിസ്, ശ്രീ ജോസ് സിറിൽ, ശ്രീ പ്രവീൺ ചാർലി എന്നിവർ പ്രസംഗിച്ചു