തിരുവനന്തപുരം: നീതിക്കും സാഹോദര്യത്തിനും വേണ്ടി പടപൊരുതുന്നതാണ് തിരൂവനന്തപുരം അതിരൂപതയുടെ പ്രത്യേകതയെന്ന് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ സംവിധായകൻ ഷെയ്സൻ പി. ജോസഫ്. ഓഖി ദുരന്തസമയത്തും, സാധാരണ ജനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്ന സന്ദർഭത്തിൽ സംവിധാനങ്ങൾ മുഖംതിരിച്ച് നിൽക്കുന്ന വേളകളിലും അതിരൂപത നീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കാൻ കഴിയില്ല. ഇതുപോലൊരു പോരാട്ടമാണ് വാഴ്ത്തപ്പെട്ട റാണി മരിയ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയത്. ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 17 ന് തിയേറ്ററിലെത്തുന്ന സിനിമയുടെ വിജയത്തിന് ഷെയ്സൻ പി. ഔസേഫ് എവരുടെയും സഹായം അഭ്യർത്ഥിച്ചു. ഏഴ് വർഷമെടുത്താണ് നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും പ്രശസ്തനായ അൽഫോൺസ് ജോസഫ് ആണ്. നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്.സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നു.
ഇതിനകം തന്നെ അന്താരാഷ്ട്ര തലത്തിൽ മുപ്പതോളം അവാർഡുകൾ ചിത്രം കരസ്ഥമാക്കി കഴിഞ്ഞു. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ “ബെസ്റ്റ് വുമൻസ് ഫിലിം “പുരസ്കാരവും കാനഡയിലെ torento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ “ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം”പുരസ്കാരവും “നേടിയത് ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി.