വത്തിക്കാന്‍ സിറ്റി: സഭ ഏറ്റവും മനോഹരമാകുന്നത് ഏവര്‍ക്കുമായി അതിന്റെ വാതിലുകള്‍ തുറന്നിടുമ്പോഴാണെന്നും സഭയുടെ വാതിലുകള്‍ കൂടുതലായി തുറന്ന്, കൂടുതല്‍ ആളുകളെ സ്വാഗതം ചെയ്യണമെന്നുള്ള ആഹ്വാനവുമായി സിനഡ്.
കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ സൗന്ദര്യം, അതിന്റെ വാതിലുകള്‍ തുറന്ന് ആളുകളെ സ്വാഗതം ചെയ്യുമ്പോളാണ് ദൃശ്യമാകുന്നത്. സഭയുടെ വാതിലുകള്‍ കൂടുതല്‍ തുറക്കാന്‍ ഈ സിനഡ് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – സിനഡിന്റെ രണ്ടാം മോഡ്യൂളിന്റെ നടപടിക്രമങ്ങള്‍ വിവരിച്ചുകൊണ്ട് കര്‍ദിനാള്‍ തോബിന്‍ പറഞ്ഞു.
സിനഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞും അല്ലാതെയും സംസാരിക്കാനായി കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മുകളില്‍ നിന്ന് താഴേക്ക് നയിക്കപ്പെടുന്ന ശൈലിയല്ല സിനഡ് സ്വീകരിച്ചിരിക്കുന്നത്. മറിച്ച്, ദൈവജനത്തിന്റെ പങ്കാളിത്തത്തോടെ താഴെത്തട്ടില്‍നിന്ന് ആരംഭിച്ച് മുകളിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് സിനഡിന്റെ നടപടിക്രമങ്ങളെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡോ. റുഫീനി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ശൈലിയില്‍, അംഗങ്ങള്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വിധത്തില്‍ എല്ലാവരുടെയും മനുഷ്യത്വവും മാന്യതയും അംഗീകരിക്കുന്നതും, എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിടുന്നവനുമായ യേശുവിനെ പോലെ ജീവിക്കണമെന്നുള്ള തങ്ങളുടെ ആഗ്രഹമാണ് സിനഡ് അംഗങ്ങള്‍ പങ്കുവച്ചത്. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മനുഷ്യക്കടത്തിന് ഇരയായവരുടെയും നിലവിളി തങ്ങളുടെ ഹൃദയങ്ങളില്‍ മുഴങ്ങി കേള്‍ക്കുന്നതായി സിസ്റ്റര്‍ എച്ചെവേരി പറഞ്ഞു.