തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ഡയറക്ടർ ഫാദർ മെൽകൻ, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ഇമ്മാനുവേൽ, കോർപ്പറേറ്റ് മാനേജർ ഫാദർ ഡൈസൺ, ഫാ. സാംസണ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നഗരത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന കാത്തലിക് ഹോസ്റ്റൽ കാലങ്ങളായി രൂപതയിലെ ആൺ കുട്ടികളായ വിദ്യാർത്ഥികൾക്ക് ചെയ്യുന്ന സേവനം ചെറുതല്ല. തുച്ഛമായ തുകയ്ക്ക് താമസവും നഗരത്തിലെ പഠന സൗകര്യങ്ങളും അപ്രാപ്യരായ ഒരുപറ്റം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ തൊണ്ണൂറ് വര്‍ഷമായി നൽകുന്ന ലൂയിസ് കാത്തലിക് ഹോസ്റ്റൽ രൂപതയുടെ ദീര്‍ഘവീക്ഷണത്തിന്‍റെ സാക്ഷ്യമാണ്. 1927-ലാണ് ലൂയിസ് എന്ന വ്യക്തി നല്‍കിയ ഭൂമിയില്‍ ഹോസ്റ്റല്‍ സ്ഥാപിതമായത്. മലബാർ മേഖല ഉൾപ്പെടെ കേരളത്തിൻെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളോടൊപ്പം തീരദേശ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വാതിലായി ഹോസ്റ്റല്‍ നിലകൊണ്ടു.
നഗരത്തിൻറെ നടുക്ക് ആയതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റി കോളേജിലും മറ്റു വിവിധങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് ഉപകാരപ്രദമായ ഹോസ്റ്റലില്‍ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗവൺമെൻറ് ഗ്രാന്‍ഡും കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്.