2019 ലെ സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ തിരുവനന്തപുരം ലത്തീൻ അതിരൂപതാംഗമായ എഗ്നാ കളീറ്റസിനു 228-ാം റാങ്ക് ലഭിച്ചതോടെ, നാടിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് എഗ്നാ ക്ളീറ്റസ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വലിയതുറ ഫെറോനയുടെ നേതൃത്വത്തിൽ ശനിയാഴ്ചകളിൽ നടത്തിയ രണ്ടു മണിക്കൂർ സിവിൽ സർവീസ് പ്രിപ്പറേഷൻ ക്ലാസ്സുകളാണ് തന്നെ ഈ മേഖല ആദ്യമായി പരിചയപ്പെടുത്തിയതും സ്വാധീനം ചെലുത്തിയതും എന്ന് എഗ്ന പറയുമ്പോൾ തിരുവനന്തപുരം ലത്തീൻ രൂപതയ്ക്കും എഗ്നയുടെ നേട്ടത്തിൽ അഭിമാനിക്കാം. കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കണ്ടെത്തി ദീര്‍ഘ വീക്ഷണത്തോടെ ഇത്തരം ഗ്രൂമിങ് പരിപാടകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതിന് ഫലം കണ്ടുതുടങ്ങുന്നു. കെ. ആര്‍. എല്‍. സി. സി. യുടെ നേതൃത്വത്തില്‍ സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ ഇത്തരം താമസിച്ചുള്ള ഇന്‍ഡന്‍സീവ് ഡിഗ്രീ പ്രോഗ്രാമും വര്‍ഷങ്ങളായി നടക്കുന്നുണ്ട്.
തീരപ്രദേശത്തെ തോപ്പ് സെന്‍റ് ആൻസ് ഇടവകയിലെ ഷീജ-ക്ലീറ്റസ് ദമ്പതികളുടെ മകളാണ് എഗ്‌ന. സർവോദയ വിദ്യാലയത്തിലെ സ്കൂൾ പഠനത്തിനും, എൽ. ബി. എസ് കോളേജിലെ ബിടെക് പഠനത്തിനും ശേഷമാണ് സിവിൽ സർവീസിനായി ഒരുങ്ങിത്തുടങ്ങിയത്. തയ്യാറെടുപ്പുകൾക്ക് ശേഷം രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച റാങ്കോടെ ഈ പെൺകുട്ടിക്ക് സിവിൽ സർവീസ് കരസ്ഥമാക്കാൻ സാധിച്ചത് തീരദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിലെ പകരം വയ്ക്കാനാവാത്ത ഒരേടായിരിക്കും എന്നതിൽ സംശയമില്ല. കുട്ടികളോട് എഗ്നക്കുള്ള ഉപദേശവും അതുതന്നെയാണ്, “സിവിൽ സർവ്വീസ് വലിയ എടുത്താൽ പൊങ്ങാത്ത മലയൊന്നുമല്ല, പരീക്ഷകനുമുൻപിൽ എല്ലാവരും സമന്മാരാണ്. ധൈര്യമായി മുൻപോട്ട് വരിക, ആത്മവിശ്വാസത്തോടെ തയ്യാറാവുക. പരീക്ഷയെഴുതുക, നമ്മുടെ കുട്ടികൾക്ക് കടന്നു വരാൻ പറ്റുന്ന മേഖലയാണിത്”. വീട്ടിലെ അസൗകര്യങ്ങളും പ്രതീകൂലസാഹചര്യങ്ങളുമൊന്നും പഠനത്തിലും തയ്യാറെടുപ്പിലും നമ്മെ ബാധിക്കേണ്ട കാര്യമേയില്ല, റാങ്കിന്‍റെ തിളക്കത്തില്‍ ഈ കൊച്ചുമിടുക്കി പറയുമ്പോൾ അവളുടെ വാക്കുകളിലെ ആത്മവിശ്വാസം, ഈ വഴി ഇനിയും ഒരുപാട് പേർ തിരഞ്ഞെടുക്കും എന്നതിന് തെളിവാണ്.