പേര് – ഫാ. ഗ്വിസെപ്പെ ഉൻഗാരോ. ഇറ്റലിയിൽ നിന്നുള്ള ഫ്രാൻസിസ്കൻ വൈദികനാണ്. രേഖകൾ അനുസരിച്ചു അദേഹത്തിന് 99 വയസ്. എന്നാൽ താൻ ജനിക്കുന്നതിനുമുമ്പ് 9 മാസം തനിക്ക് ജീവനുണ്ടായിരുന്നു എന്ന് പറയാനാണ് അദ്ദേഹത്തിനിഷ്ടം. ആ കണക്കനുസരിച്ച്, ഇക്കഴിഞ്ഞ മെയ്മാസം അദ്ദേഹം മരിക്കുമ്പോൾ 100 വയസ്. മറ്റുള്ളവരെ സഹായിക്കാനായി തന്റെ ജീവിതം സമർപ്പിച്ച ഈ വൈദികന് 2018 ൽ പാദുവ നഗരത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു.
തന്റെ 10 പതിറ്റാണ്ട് നീണ്ട ജീവിതത്തിൽ ഏഴ് വിശുദ്ധരെ വ്യക്തിപരമായി പരിചയപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ഭാഗ്യസ്മരണാര്ഹനായ പോൾ ആറാമൻ ഉൾപ്പെടെ ആ പട്ടികയിലുണ്ട്.
അദ്ദേഹം കണ്ടുമുട്ടിയ വിശുദ്ധരിൽ മൂന്നുപേർ മാർപ്പാപ്പാമാരായിരുന്നു. വി. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെ വെനീസ് അതിരൂപതയിലെ തൻറെ സേവനകാലത്തിനിടയ്ക്ക് അദ്ദേഹം കണ്ടുമുട്ടി. വെനീസിലെ ഫ്രാരി ബസിലിക്കയിലായിരുന്നു അന്ന് അദ്ദേഹത്തിൻറെ സേവനം. “ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. വെനീസിലെ ഞങ്ങളുടെ കോൺവെന്റിൽ അദ്ദേഹം പലപ്പോഴും ഉച്ചഭക്ഷണത്തിന് എത്തിയിരുന്നു.” വി. പോൾ ആറാമൻ പാപ്പയും വി. ജോൺ പോൾ രണ്ടാമനും പാദുവയിലെ വി. അന്തോണീസിന്റെ ബസിലിക്ക സന്ദർശിച്ച സമയത്ത് ഫാ. ഗ്വിസെപ്പെ അവിടെ ഉണ്ടായിരുന്നു. ഏകദേശം 50 വർഷത്തോളം ഫാ. ഗ്വിസെപ്പെ അവിടെ സേവനം ചെയ്തു.
മൂന്ന് മഹാനായ ഫ്രാൻസിസ്കൻ വിശുദ്ധന്മാരെയും അദ്ദേഹം കണ്ടുമുട്ടി:
ക്രൊയേഷ്യയിൽ നിന്നുള്ള കപുച്ചിൻ വിശുദ്ധനായ ലിയോപോൾഡ് മാൻഡിക് – വളരെ വിനയവും മറ്റുള്ളവരോടുള്ള സംവേദനക്ഷമതയും വലിയ വിവേകവും ഉള്ള ഒരു മനുഷ്യൻ എന്നാണു ഫാ. ഗ്വിസെപ്പെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. “എല്ലാ ബുധനാഴ്ചയും അദ്ദേഹം (വി. അന്തോണീസിന്റെ) ബസിലിക്കയിൽ വരുമായിരുന്നു. ആദ്യം അദ്ദേഹം ശവകുടീരത്തിൽ പ്രാർഥിച്ച ശേഷം കുമ്പസാരം നൽകുകയും ദിവ്യകാരുണ്യത്തിനു മുന്നിൽ ചിലവഴിക്കുകയും ചെയ്യും, അതും മണിക്കൂറുകളോളം.”
ഓഷ്വിറ്റ്സിലെ തടങ്കൽപ്പാളയത്തിൽ കൊല്ലപ്പെട്ട അറിയപ്പെടുന്ന രക്തസാക്ഷിയാണ് വി. മാക്സിമിലിയൻ കോൾബെ. അദ്ദേഹം ഫ്രാൻസിസ്കൻ കൂടിയായതിനാൽ ഫാ. ഗ്വിസെപ്പെയ്ക്ക് അദ്ദേഹത്തോടൊപ്പമുള്ള അവസരങ്ങൾ ഹൃദ്യമായി തോന്നി. “അദ്ദേഹം ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയ സമയം, അവിടെ അനുഭവിച്ച അപമാനം അദ്ദേഹത്തെ ഒത്തിരി സങ്കടപ്പെടുത്തി. എന്നാലും അദ്ദേഹത്തിന് ഉണ്ടായിരുന്ന വിശ്വാസ തീക്ഷ്ണതയ്ക്കും പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിനും ഒരു കുറവും ഉണ്ടായില്ല. അദ്ദേഹം എന്നെ ഒരു ദുശീലത്തിൽ നിന്ന് മുക്തനാക്കി. പരിശുദ്ധ അമ്മയുടെ മുന്നിൽ വച്ചു എന്നോടൊരു ശപഥം ചെയ്യാൻ പറഞ്ഞു – ഇനിയൊരിക്കലും പുകവലിക്കില്ല എന്ന്. അന്നുമുതൽ ഞാൻ പുകവലി ഉപേക്ഷിച്ചു.”
ഫാ. ഗ്വിസെപ്പെ കണ്ടുമുട്ടിയ ഫ്രാൻസിസ്കൻ വിശുദ്ധരിൽ ഏറ്റവും പ്രശസ്തൻ വി. പാദ്രെ പിയോ ആണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് മധ്യ ഇറ്റലിയിലെ സബൗഡിയയിലെ ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം വിശുദ്ധനുമായി നല്ലൊരു വ്യക്തിബന്ധം വളർത്തിയെടുത്തു.
അപ്പോൾ ഫാ. ഗ്വിസെപ്പെ ഒരു വിശുദ്ധനായി അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ടോ?
വിശ്വാസ ജീവിതത്തിൽ നല്ലൊരു കഠിനാധ്വാനി ആയിരുന്നു ഫാ. ഗ്വിസെപ്പെ, തൻറെ ജീവിതാവസാനം വരെയും. 1919ൽ ഇറ്റലിയിലെ പാദുവായിൽ ജനിച്ച അദ്ദേഹം, പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ പ്രവേശിച്ചു. 1944ൽ പൗരോഹിത്യം സ്വീകരിച്ചു. എന്നും പുലർച്ചെ 3: 30 ന് ഉറക്കമുണരുന്ന അദ്ദേഹം, വ്യക്തിപരമായ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ശേഷം വിശുദ്ധ ബലിയർപ്പിക്കും. തുടർന്ന് തന്റെ ഇടവകയിലെ വ്യക്തിപരമായും ആത്മീയപരമായും സഹായം ആവശ്യമുള്ളവരെ സന്ദർശിച്ചു അവർക്ക് ഒപ്പം സമയം ചിലവഴിക്കും. സുവിശേഷവും ദാനധര്മവും അടയാളപ്പെടുത്തിയ ജീവിതമായിരുന്നു ഫാ. ഗ്വിസെപ്പെ.
സൗമ്യനും തികഞ്ഞ ദിവ്യകാരുണ്യ ഭക്തനുമായ ഈ ഫ്രാൻസിസ്കൻ സന്യാസി തന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് 2019 മെയ് 22ന് ഈ ജീവിതം ഉപേക്ഷിച്ചു. അങ്ങ് സ്വർഗത്തിൽ നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കാനും നമുക്കു ചുറ്റുമുള്ള വിശുദ്ധന്മാരെയും വിശുദ്ധരാകാൻ ഇടയുള്ളവരെയും തിരിച്ചറിയാൻ അവിടന്ന് നമുക്ക് പ്രചോദനം നൽകട്ടെ !!
(santantonio.org)