വലിയതുറ ഫെറോനയ്ക്കുള്ളിൽ നിർധന ഭക്ഷണവിതരണ പദ്ധതിയായി നടപ്പിലാക്കിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിവസത്തിലേക്ക്. നവംബർ 13ന് സെന്റ് ജോസഫ് കൊച്ചുവേളിയിൽ അഞ്ഞൂറാം ദിവസം ആചരിക്കുന്ന പരിപാടിയിൽ അഭിവന്ദ്യ സൂസെപാക്യം പിതാവ് മന്ന പ്രവർത്തകരെ ആദരിക്കുന്നു. അന്നേദിവസം രാവിലെ 10:30-ന് ജപമാലയോടു കൂടി ആരംഭിക്കുന്ന അഞ്ഞൂറാം ദിനാഘോഷത്തിൽ മന്ന പദ്ധതി പ്രവർത്തകർക്കായി ദിവ്യബലിയും അതേ തുടർന്ന് ഫാ. ജോണിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
മന്ന പദ്ധതിക്കായി നിസ്വാർത്ഥ സേവനം നൽകിവരുന്ന 70 പ്രവർത്തകർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകിയാണ് അഭിവന്ദ്യ സൂസെപാക്യം പിതാവ് ആദരിക്കുന്നത്. അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ പിന്തുണയോടു കൂടി 120 പേർക്കുള്ള ഭക്ഷണമാണ് മന്ന പദ്ധതിയിലൂടെ വലിയതുറ ഫൊറോന നൽകിവരുന്നത്. ഒരു ദിവസം ഭക്ഷണം നൽകുന്നതിനായി 5000 രൂപയോളം ചിലവ് വരുന്നുണ്ട്. നിരവധി സുമനസ്സുകൾ ഈ കാരുണ്യ പദ്ധതിയെ പിന്തുണച്ചുകൊണ്ട് ഉദാരമായി സംഭാവനകൾ നൽകിവരുന്നു.