✍️ പ്രേം ബൊനവഞ്ചർ
ബോംബെ അതിരൂപതയിലെ ബോറിവാലി അമലോത്ഭവ മാതാ ദേവാലയത്തിലെ ഇടവക വികാരി ഫാ. ഹാരി വാസ് ആത്മീയ വായന ഇഷ്ടപ്പെടുന്നവർക്കിടയിൽ ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. ബൈബിളിൽ മത്തായി സുവിശേഷകൻ വിശദമായി പ്രതിപാദിക്കുന്ന ഗിരിപ്രഭാഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ബൈബിൾ പണ്ഡിതനും അധ്യാപകനുമായ ഫാ. ഹാരി പുസ്തകരൂപത്തിലാക്കി.
“Sermon on the Mount — Way to Blessedness” (ഗിരിപ്രഭാഷണം – അനുഗ്രഹത്തിലേക്കുള്ള വഴി) എന്ന പുസ്തകത്തിൽ മത്തായിയുടെ സുവിശേഷത്തിനും യേശുവിന്റെ ഗിരിപ്രഭാഷണത്തിനും പ്രാധാന്യം കല്പിച്ചിരിക്കുന്നു. യേശുവിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അവിസ്മരണീയവുമായ പഠനത്തെക്കുറിച്ചു കൂടുതൽ വിശദവും പൂർണ്ണവുമായ ധാരണ തേടുന്ന വായനക്കാർക്ക് ഈ പുസ്തകം സഹായമാകുമെന്ന് ഗ്രന്ഥകാരൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി വർഷങ്ങളായി അതിരൂപത സെമിനാരിയായ ഗോരേഗാവിലെ സെന്റ് പയസ് ടെൻത് കോളേജിൽ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചു പഠിപ്പിക്കുന്ന അധ്യാപകനാണ് ഫാ. ഹാരി. 69കാരനായ അദ്ദേഹം, റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും തിരുവെഴുത്തുകളുടെ പഠനത്തിൽ ലൈസൻഷ്യേറ്റും ഫ്രാൻസിലെ പാരീസ് കത്തോലിക്കാ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടി.
ഇടവക ദേവാലയത്തിൽ നടന്ന പ്രത്യേക ദിവ്യബലി മദ്ധ്യേ, സെമിനാരിയിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയും ബോംബെ അതിരൂപത സഹായ മെത്രാനുമായ ബിഷപ്പ് ഡൊമിനിക് സാവിയോ ഫെർണാണ്ടസ് പുസ്തകം പ്രകാശനം ചെയ്തു. ഫാ. ഹാരിക്കൊപ്പം വചനം പഠിച്ച കാലത്തെ അനുഭവങ്ങൾ ബിഷപ് സാവിയോ അനുസ്മരിച്ചു. “വചനം വളരെ രസകരമായി വ്യാഖ്യാനിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഒരു വിഷയത്തെക്കുറിച്ചു ലഘുവായ ഒരു അവലോകനം സ്വയം നടത്തി, അത് അവതരിപ്പിച്ച ശേഷമായിരിക്കും അദ്ദേഹം ആ വിഷയത്തെ പറ്റി വ്യാഖാനിക്കുക. അദ്ദേഹത്തിന്റെ ക്ലാസുകളിൽ ഉടനീളം വ്യാപിച്ചിരുന്ന ലാളിത്യം പോലെ, ഈ പുസ്തകം വളരെ വ്യക്തവും വാചാലവുമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. ബൈബിൾ പദപ്രയോഗങ്ങളെ കുറിച്ച് കൂടുതൽ അറിവില്ലാത്ത സാധാരണക്കാർക്ക് പോലും മനസിലാക്കുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന.” ബിഷപ് സാവിയോ കൂട്ടിച്ചേർത്തു.
പുസ്തകത്തിന്റെ ആമുഖം പൊതുവേ ‘സിനോപ്റ്റിക് സുവിശേഷങ്ങളുടെ’ (ആദ്യത്തെ 3 സുവിശേഷങ്ങൾ) രചനാപ്രക്രിയയെക്കുറിച്ചുള്ള അറിവ് നൽകുന്നു. ഒപ്പം മത്തായിയുടെ സുവിശേഷത്തിന്റെ ചരിത്രപരമായ സന്ദർഭവും സാഹിത്യ സവിശേഷതകളും രൂപരേഖയും കാണാം. തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഗിരിപ്രഭാഷണത്തിന്റെ പ്രധാന ഭാഗങ്ങൾ, വിഭാഗങ്ങൾ, ഉപവിഭാഗങ്ങൾ എന്നിവ – അടിക്കുറിപ്പുകളും സാങ്കേതികതകളും ഒഴിവാക്കി – പ്രസക്തവും അനുയോജ്യവുമായ രീതിയിൽ വിശദീകരിച്ചിരിക്കുന്നു. പ്രഭാഷണത്തെ സമകാലിക കാലഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിചിന്തനങ്ങൾ പുസ്തകത്തിലുണ്ട്. അതിലൂടെ ദൈവവചനം യാഥാർത്ഥ്യമാക്കുന്നതിനുള്ള കൂടുതൽ വഴികളും തടസങ്ങൾക്കുള്ള പരിഹാരങ്ങളും സൂചിപ്പിക്കുകയും ചെയ്യുന്നു.
ഫാ. ഹാരിയുടെ വിദ്യാർഥികളായിരുന്ന നാഗ്പൂർ അതിരൂപത ആർച്ച്ബിഷപ്പ് ഏലിയാസ് ജോസഫ് ഗോൺസാൽവസ്, ബോംബെ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ബർത്തോൾ ബാരെറ്റോ എന്നിവരുടെ അഭിനന്ദന സന്ദേശങ്ങളും ദിവ്യബലിമധ്യേ വായിച്ചു. സെമിനാരിയിൽ വർഷങ്ങളോളം പഠിപ്പിച്ചതിന്റെയും തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ബിഷപ്പുമാരുടെയും പുരോഹിതരുടെയും സ്നേഹപൂർവമായ പിന്തുണയുടെയും ഫലമായാണ് ഈ പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.