മൂന്ന് പതിറ്റാണ്ട് മുൻപ് സൂസപാക്യം പിതാവിൻറെ മെത്രാഭിഷേക ചടങ്ങുകളുടെ പ്രവേശന ഗാനമായിരുന്നു ഏറെ പ്രശസ്തിയാർജ്ജിച്ച ‘സ്‌നേഹ സാഗര തീരത്ത് …’എന്ന ഗാനം. തുടർന്ന് തിരുവനന്തപുരം രൂപതയിൽ അങ്ങോളമിങ്ങോളമുള്ള മിക്കവാറും പള്ളികളിലും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഈ ഗാനം പ്രവേശനഗാനമായി പാടിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ശംഖുമുഖം തീരത്ത് വച്ച നടന്ന ചടങ്ങുകളുടെ ഓർമ്മയുണർത്തി ഒരിക്കൽ കൂടി ഫാ. ജി. സ്റ്റീഫൻ രചിച്ച് ഓ. വി. റാഫേൽ ഈണം പകർന്ന ഗാനം പാളയം കത്തീഡ്രൽ ദൈവാലയത്തിൽ മുഴങ്ങിയപ്പോൾ നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ ഇടയധർമ്മത്തിന്റെ ഓർമ്മപ്പെടുത്തലായി അതു മാറി.
മെത്രാഭിഷേകത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചും, സന്യസ്ത ദിനത്തോടനുബന്ധിച്ചുമാണ് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ച പൊന്തിഫിക്കൽ ദിവ്യബലി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വച്ച് നടന്നത്.
തൻറെ രൂപതയിൽ പ്രവർത്തിക്കുന്ന എല്ലാ സന്യസ്തരേയും സന്യസ്തവൈദികരേയും പ്രത്യേകമായി ഓർത്ത് അവർക്കു വേണ്ടി പ്രാർത്ഥിച്ചു നന്ദിപറഞ്ഞുകൊണ്ട് സൂസപാക്യം മെത്രാപ്പോലീത്താ 30 വർഷത്തിന്റെ കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവും, വികാരി ജനറൽ മോൺസിഞ്ഞോർ സി ജോസഫും നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ക്രിസ്തുദാസ് എന്നിവരും ഉൾപ്പെടെ മുപ്പതോളം വൈദികരും നൂറിലധികം സന്യസ്തരും അനവധി അല്മായരും സന്നിഹിതരായിരുന്നു.