തിരുവനന്തപുരത്തുകാർക്ക് അഭിമാനിക്കാൻ ഒരാൾ കൂടി, പുതിയതുറ എന്ന ഫുട്ബാൾ ഗ്രാമത്തിൽ നിന്ന് കഷ്ടപാടുകളുടെയും ദാരിദ്ര്യത്തിന്റെയും അംഗവൈകല്യത്തിന്റെയും വേദനകൾ മറന്നു ഇന്ത്യൻ പാരാ അമ്പ്യുട്ടി ഫുട്ബാൾ സീനിയർ ടീമിലേക്ക് പറന്നുകയറുകയാണ് സിജോ ജോർജ്. ചെറിയ പ്രായം മുതൽ പുതിയതുറ ജെ.എസ്.എ. ക്ലബ്ബിൽ കളിച്ചു വളർന്നു. പിന്നീട് കോവളം എഫ്.സി. യിൽ ചേരുകയും കഴിവ് മനസിലാക്കിയ കോച്ച് എബിൻ റോസ് അസിസ്റ്റന്റ് കോച്ച് അഭിലാഷ് എന്നിവരുടെ ശിക്ഷണത്തിൽ പരിശീലനം നൽകുകയും ചെയ്തു. ഇവർ വഴിയാണ് സിജോക്ക് ഇന്ത്യൻ പാരാ ആംപ്യൂട്ടി ഫുട്ബാൾ സീനിയർ ടീം സെലെക്ഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
2020 ഏപ്രിൽ മാസം 9 മുതൽ 18 വരെ മലേഷ്യയിൽ നടക്കുന്ന ഇൻവിറ്റേഷനൽ ടൂർണമെന്റിൽ പങ്കെടുക്കാൻ ഒരുങ്ങികൊണ്ടിരിക്കുകയാണ് സിജോ.
സ്വന്തമായി വീടില്ല വാടക വീട്ടിലാണ് താമസിക്കുന്നത്. പിതാവ് ഓട്ടോറിക്ഷ ഓടി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് വീട്ടിലെ ചിലവുകൾ നടക്കുന്നത്. ഇപ്പോൾ വളരെ കഷ്ടപ്പെട്ട്, മലേഷ്യൻ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്തികൊണ്ടിരിക്കുകയാണ് സിജോയും സുഹൃത്തുക്കളും. കളിക്കാരുടെ സ്വന്തം ചിലവിൽ പോകേണ്ടതായതിനാൽ സാമ്പത്തികമായി സഹായിക്കാൻ സാധിക്കുന്ന സുമനസ്സുകളുടെ സഹകരണത്തോടെ ഇപ്പോൾ സിജോയും പ്രതീക്ഷയോടെ പന്തുതട്ടുന്നു.
വരുന്ന ലോകകപ്പിനും ഇന്ത്യക്കുവേണ്ടി ബൂട്ടാണിയണം എന്നതാണ് സിജോയുടെ പ്രതീക്ഷ. തിരുവനന്തപുരത്തിന്റെ അഭിമാനമായി, നാളെയുടെ ലോകകപ്പ് കളിക്കാരന് വേണ്ടി സുമനസ്സുകൾ പരിശ്രമിച്ചാൽ തീർച്ചയായും സിജോ വൈകല്യങ്ങളെ അതിജീവിച്ചു ഉയരങ്ങളിൽ എത്തും. സിജോക്കും അദ്ദേഹത്തിന്റെ കഴിവുകൾ മനസിലാക്കിയ കോവളം എഫ്.സി. കോച്ച് എബിൻറോസിനും, കൂടാതെ അസിസ്റ്റന്റ് കോച്ച് അഭിലാഷിനും അഭിനന്ദനങ്ങൾ.
✍️ലിനു പീറ്റർ