പതിനഞ്ചാമത് അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രഥമയോഗവും പുതിയ സമിതിയുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപതയിലെ ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അജപാലന ശുശ്രൂഷ പ്രതിനിധികളും വൈദികരും യോഗത്തിൽ പങ്കെടുത്തു.
പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ്സിൽ പ്രസിഡന്റ് അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നെറ്റോയും, വൈസ് പ്രസിഡന്റുമാർ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ, വികാരി ജനറൽ മോൺ. യൂജിൻ എച് പെരേര, വലിയതുറ ഫെറോനാ അംഗം ശ്രീ. ബെർബി ഫെർണാണ്ടസ് എന്നിവരുമാണ്.
സെക്രട്ടറിയായി പാളയം ഫെറോനാ അംഗം ശ്രീ. ഇഗ്നെഷ്യസ് തോമസും,ജോയിന്റ് സെക്രട്ടറിയായി വലിയതുറ ഫെറോനാ അംഗം ശ്രീ. ജോഷി റോബർട്ടും തിരഞ്ഞെടുക്കപ്പെട്ടു. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ പീറ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം അതിരൂപതാ മെത്രാൻ ഡോ. തോമസ് ജെ നേറ്റോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സഭ ക്രിസ്തുവിന്റെ ശരീരമാണ്. ക്രിസ്തുവിന്റെ ദൗത്യമാണ് സഭയുടെ ദൗത്യം എന്നും ദരിദ്രരോട് കൂടുതൽ അടുത്തായിരിക്കുക അവരുടെ ഉന്നമനത്തിനായി കൂടുതൽ ഊന്നൽ നൽകുക എന്നതുമാണ് അജപാലനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 86 വർഷത്തെ പുരാതന ചരിത്രം ഉൾക്കൊള്ളുന്ന അതിരൂപതയുടെ ചെറിയ പതിപ്പാണ് അജപാലന ശുശ്രൂഷ എന്നും അദ്ദേഹം പറഞ്ഞു. 9 ഫെറോനയും 2232 ബിസിസി യൂണിറ്റുകളും ഉൾക്കൊള്ളുന്ന അതിരൂപതയുടെ ഏറ്റവും ചെറിയ പ്രധാന ഘടകങ്ങളിൽ ഒന്നു തന്നെയാണ് അജപാലന ശുശ്രൂഷ എന്നും അദ്ദേഹം പറഞ്ഞു.
അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രതിനിധിയുടെ കടമകളും ഉത്തരവാദിത്വങ്ങളും, പാസ്റ്ററൽ കൗൺസിലും കെ ആർ എൽ സി സി – യും, 2023-24 ലേക്കുള്ള പദ്ധതികളുടെ ഇടവക, ഫെറോനതല ആസൂത്രണം, ആഭിമുഖ്യങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ് അവതരിപ്പിച്ചു. 2023-24 വർഷങ്ങളിലേക്കുള്ള അജപാലന ശുശ്രൂഷ കൗൺസിലിന്റെ വിവിധ തസ്തികളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി. യോഗത്തിൽ പങ്കെടുത്തവർക്ക് അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ നന്ദി പറഞ്ഞു.