യുവ ജനങ്ങൾ മാറി ചിന്തിക്കുകയാണ്. സ്ഥിരം നടത്തപ്പെടുന്ന പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യം ചെയ്യണം, അത് മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പർശിക്കുകയും വേണം ഇതായിരുന്നു പുതുക്കുറിച്ചി ഫെറോന യുവജന കൂട്ടായ്മ മുമ്പോട്ട് വച്ച ലക്ഷ്യം. അങ്ങനെയാണ് മിന്നാധാരം ഒരു കൈത്താങ്ങ് എന്ന പദ്ധതി രൂപം കൊണ്ടത്. പുതുക്കുറിച്ചി ഫൊറോന കെസിവൈഎം ഡയറക്ടർ ആന്റോ ബൈജു അച്ചന്റെ വീക്ഷണവും യുവജനങ്ങളും അക്ഷീണ പ്രവർത്തനവും ഈ ആശയത്തിന് ജീവൻ നൽകിയത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കികൊടുക്കുക എന്നതായിരുന്നു യുവജനങ്ങൾ മുന്നിൽ വച്ച ലക്ഷ്യം.
കഴിഞ്ഞ ആറ് മാസക്കാലമായി പുതുകുറിച്ചി ഫൊറോനയിലെ എല്ലാ ഇടവകയുവജന യൂണിറ്റുകളും പ്രവർത്തിക്കുന്നത് ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്.
ഓരോ ഇടവക യൂണിറ്റും കണ്ടെത്താൻ സാധിക്കുന്ന തുക മുൻകൂട്ടി നിശ്ചയിച്ചു, ലക്കി ഡിപ് മത്സരം നടത്തി, ഭക്ഷണ പാനീയങ്ങൾ വിൽപ്പന നടത്തി, പഴയപത്രം-ആക്രി സാധനങ്ങൾ വീടുകൾ തോറും ചെന്ന് സമാഹരിച്ച് വിൽപ്പന നടത്തി, സുമനസ്സുകളുടെ സഹായം സ്വീകരിച്ചും കഴിയുന്നത്ര തുക കണ്ടെത്തി.
ഒരു പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകി, ജൂലൈ മാസം എട്ടാം തീയതി നടന്ന മറ്റൊരു വിവാഹത്തിലെ പെൺകുട്ടിക്ക് സ്വർണം, വിവാഹത്തിന് വേണ്ടുന്ന ഭക്ഷണം, ദൈവാലയ അലങ്കാരങ്ങൾ എന്നീ കാര്യങ്ങളും യുവജനങ്ങൾ ഏറ്റെടുത്ത് നടത്തി.
തിരുവനന്തപുരം അതിരൂപതയുടെ പ്രശംസക്ക് അർഹമായ ഈ പ്രവർത്തനം ഏറെ മുന്നേറും എന്നതിൽ സംശയമില്ല.