പ്രേം ബൊനവഞ്ചർദുരന്തബാധിത ലെബനനുവേണ്ടി സെപ്റ്റംബർ 4 ന് സാർവത്രിക പ്രാർത്ഥന-ഉപവാസദിനമായി ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. അന്നേദിവസം, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ലബനനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ തന്റെ പ്രതിനിധിയായി ബെയ്‌റൂട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഏതാണ്ട് ആറുമാസത്തിലധികമായി നിരോധിച്ചിരുന്ന പൊതുജനങ്ങൾക്കൊപ്പമുള്ള പ്രതിവാരകൂട്ടായ്മ ഇന്ന് വത്തിക്കാനിൽ പുനരാരംഭിച്ച അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ വിശ്വാസികളെ തന്റെ ആഹ്വാനമറിയിച്ചത്. കൊറോണ ഭീതികാരണം ഫെബ്രുവരി 26 ന് ശേഷം പൊതുകൂട്ടായ്മകൾ ഒഴിവാക്കിയിരുന്നു. ലബനീസ് ജനതയ്ക്ക് വേണ്ടിയുള്ള തന്റെ പ്രാർഥനയിൽ ഒപ്പം ചേരാൻ മറ്റ് മതവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.കൂടിക്കാഴ്ചയ്ക്കിടെ തന്റെ അരികിൽ മുട്ടുകുത്തിയാ ലെബനൻ പതാകയെന്തിയ യുവപുരോഹിതനാണ് ഈ ആഹ്വാനത്തിനു പ്രചോദനമായത്. പതാക പിടിച്ചു ഇരുവരും അൽപസമയം മൗനമായി പ്രാർഥിച്ചു. തുടർന്നാണ് പാപ്പ ലബനനോടുള്ള തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഉപവാസവും പ്രാർഥനയും അനുഷ്ഠിക്കുവാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്ത് വൻതോതിൽ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ലോകത്തെ തന്നെ ഞെട്ടിച്ചു. 180ലധികം പേർ കൊല്ലപ്പെടുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനം രാജ്യത്ത് മുമ്പുണ്ടായിരുന്ന സാമ്പത്തിക-പൊതുജനാരോഗ്യ രംഗങ്ങളിലെ പ്രതിസന്ധി രൂക്ഷമാക്കി. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ലെബനനിലെ പുതിയ കോവിഡ് -19 കേസുകൾ (ഓഗസ്റ്റ് 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ) റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്നു.പാപ്പയുടെ അപ്പോസ്തലിക കൊട്ടാരമുറ്റത്ത് വച്ചുനടന്ന പൊതുകൂട്ടായ്മയിൽ വിശ്വാസികളും പുരോഹിതരും മുഖംമൂടി ധരിച്ച്, സാമൂഹികമായി അകലം പാലിച്ചു ക്രമീകരിച്ച കസേരകളിൽ ഇരുന്ന് പങ്കെടുത്തു. “പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം! നിരവധി മാസങ്ങൾക്ക് ശേഷം നാം മുഖാമുഖം കണ്ടുമുട്ടുവാൻ തുടങ്ങുന്നു. ഇത് നല്ലതായി തോന്നുന്നു,” ഒരു പുഞ്ചിരിയോടെ ഫ്രാൻസിസ് പാപ്പ പറഞ്ഞു.83 കാരനായ അദ്ദേഹം പക്ഷെ മുഖംമൂടി ധരിച്ചിരുന്നില്ല. എന്നാൽ സദസ്സിനു മുമ്പാകെ, അവരെ അഭിവാദ്യം ചെയ്തപ്പോഴും, ആശംസകൾ നല്കിയപ്പോഴും അകലം പാലിച്ചിരുന്നു.