ഈ കഴിഞ്ഞ മാസം പ്രഖ്യാപിച്ച കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളിൽ കനകശ്രീ അവാർഡ് നേടിയ യുവകവിയും ഭാഷാ ഗവേഷകനുമായ ശ്രീ. ഡി. അനിൽകുമാറിനെ തിരുവനന്തപുരം ലത്തീൻ അതിരൂപത ആദരിക്കുന്നു. മാർച്ച് 23 ആം തീയതി വൈകുന്നേരം 5 മണിക്ക് വെള്ളയമ്പലം ടി.എസ്. എസ്. എസ്. ഹാളിൽ വച്ച് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഡി. അനിൽകുമാറിന് ആദരം സമ്മാനിക്കും.
കഥാകാരന്മാരും നോവലിസ്റ്റുകളും കവികളും ആസ്വാദകരുമായ നിരവധിപേർ തീരപ്രദേശത്തിലെ എഴുത്തുകാര്‍ക്കൊപ്പം ചർച്ചയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
തിരുവനന്തപുരം തീരപ്രദേശത്തെ തനതു ഭാഷാശൈലി ഉപയോഗിച്ചുകൊണ്ട് സാഹിത്യ രംഗത്ത് സ്വന്തം ഇരിപ്പിടം നേടിയെടുത്ത “ചങ്കുണ്ടോ പറക്കുണ്ടോ” എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് ഡി. അനിൽകുമാറിനെ അർഹനാക്കിയത്. കേരളത്തിലെ 35 വയസ്സിനു താഴെയുള്ള ഏറ്റവും മികച്ച യുവകവികൾക്ക് നല്കുന്നതാണ് കനകശ്രീ പുരസ്കാരം.
സെൻ്റ് സേവിയേഴ്സ് കോളേജിലെ ബിരുദ പഠനത്തിനുശേഷം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഇപ്പോൾ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർത്ഥിയാണ് ഇദ്ദേഹം . വിഴിഞ്ഞം ഇടവകാംഗമാണ് അനിൽകുമാർ.