മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തിന് 10% സംവരണം നൽകുന്നത് സംബന്ധിച്ച് കേരള ലത്തീൻ സമുദായ നേതാക്കൾ വിവിധ രാഷ്ട്രീയ നേതാക്കളുമായി നേതാക്കളുമായി ആശയവിനിമയം നടത്തി.
തിരുവനന്തപുരം വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്ന ചർച്ചയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ശ്രീ. എ. വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രൻ, കോവളം എംഎൽഎ ശ്രീ. എം. വിൻസെന്റ്. കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. വിജയൻ തോമസ് എന്നിവർ സംബന്ധിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, കെആർഎൽസിസി വൈസ് പ്രസിഡൻറ് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, ജനറൽ സെക്രട്ടറി റവ. ഫാ. തോമസ് തറയിൽ, മുൻ ജനറൽ സെക്രട്ടറി റവ. ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. സാബാസ് ഇഗ്‌നേഷ്യസ്, അൽമായ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. തിയഡോഷ്യസ് ഡിക്രൂസ്, കെആർഎൽസിസി ഭാരവാഹികളായ ശ്രീ. ഷാജി ജോർജ്, അഡ്വ. ഷെറി ജെ. തോമസ്, സമുദായ പ്രതിനിധികളായ ശ്രീ. ജൂഡി, ശ്രീ. ദേവദാസ്, ശ്രീ. ആൻറണി ആൽബർട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിൽ എതിർപ്പില്ലെങ്കിലും, മാനദണ്ഡങ്ങൾ നിശ്ചയിച്ചതിലെ അപാകതകളും ഇന്ന് ലത്തീൻ സമുദായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യങ്ങളിൽ ചോർച്ച ഉണ്ടാക്കാനുള്ള സാധ്യതകളും അംഗങ്ങൾ ചർച്ചയിൽ ഉയർത്തിക്കാട്ടി. യാതൊരുവിധ ആശങ്കകൾക്കും ഇടനൽകാത്തവിധം വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്ന് നേതാക്കൾ ചർച്ചയിൽ വിശദീകരിച്ചു.
ചർച്ചകൾക്കൊടുവിൽ ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ നേതൃത്വത്തിൽ കെആർഎൽസിസി പ്രതിനിധി സംഘം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെക്കണ്ട് നിവേദനം സമർപ്പിച്ചു.