കേരളത്തിൽ നടപ്പിലാക്കിയ (EWS) സാമ്പത്തിക സംവരണത്തിലെ അപാകതകൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. മുന്നോക്ക സംവരണം നടപ്പിലാക്കിയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വരുന്ന കണക്കുകൾ സാമൂഹ്യനീതിയുടെ അട്ടിമറിയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും, ഭരണഘടന പിന്നോക്കവിഭാഗങ്ങൾക്ക് ഉറപ്പുനൽകുന്ന സാമൂഹ്യസമത്വത്തിന്റെയും തുല്യനീതിയുടെയും പ്രയോഗവൽകരണവും നീണ്ട പോരാട്ടത്തിനൊടുവിൽ പൂർവ്വികരായ നിരവധി മഹാത്മാക്കളുടെ തൃാഗത്തിൻെറ ഫലവുമാണ് സംവരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളിൽ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംഘടിപ്പിച്ച നിൽപ് സമരം കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ് അലക്സ്. സംവരണ പ്രക്രിയയെ നിയമ നിർമ്മാണങ്ങളിലൂടെ ഇല്ലായ്മചെയ്യാൻ നോക്കുന്ന സർക്കാരുകൾ ഭരണഘടനയുടെ ആത്മാവിനെ തിരസ്കരിക്കുകയാണെന്നും, ആയതിനാൽ സാമ്പത്തിക സംവരണത്തിലെ അപാകതകൾ എത്രയും വേഗം പരിഹരിച്ചു പിന്നോക്ക വിഭാഗങ്ങളുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
കേരളത്തിലെ വ്യത്യസ്ത ഉദ്യോഗമേഖലകളിലെ സമുദായം തിരിച്ചുള്ള സെൻസസ് വിവരങ്ങൾ സർക്കാർ അടിയന്തരമായി പുറത്തു വിടണമെന്ന് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ആവശ്യപ്പെട്ടു. കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡൻറ് രതീഷ് ആൻറണി അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി ഗോഡ്സൺ ഡിക്രൂസ്, വൈസ് പ്രസിഡന്റുമാരായ കെ. എച്ച്. ജോൺ, ജോസഫൈൻ കെ., വിക്ടർ ജോർജ്, ഷിബു ഫെർണാണ്ടസ്, അമൽ ദാസ്, പീറ്റർ കണ്ണാടിപ്പറമ്പ് എന്നിവർ സംബന്ധിച്ച്. കെഎൽസിഎ കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചത്.
പ്രേം ബൊനവഞ്ചർ