കഴിഞ്ഞ ഒരു മാസമായി വീട്ടിൽ കളിച്ചു നടന്ന കുട്ടികളൊക്കെ പേപ്പറും എടുത്തു ബൈബിളും മുൻപിൽ വച്ച് രാവിലെ മുതൽ ഇരിക്കുന്നത് കണ്ടു മാതാപിതാക്കൾ ഞെട്ടി. ചിലർ ബൈബിളിലെ പുസ്തകങ്ങൾ കാണാതെ ചൊല്ലുന്നു, ചിലർ വചനം മനഃപാഠമാക്കുന്നു, ചിലർ യേശുവിനു കത്തെഴുതുന്നു, ചിലർ യേശുവിന്റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കുന്നു: മാതാപിതാക്കൾ അമ്പരന്നു.
‘ന്യൂ ജെൻ’ അവധിക്കാല ബൈബിൾ ക്യാമ്പ് ആണെന്ന് മനസ്സിലാക്കിയതോടെ ഫോട്ടോയും വീഡിയോയും എടുക്കാൻ മാതാപിതാക്കന്മാർതന്നെ ഒടുവിൽ രംഗത്തിറങ്ങിയതോടെ, ഇപ്രാവശ്യത്തെ ബൈബിൾ ക്യാമ്പ് കുടുംബങ്ങളിൽ ബൈബിൾ കൂട്ടായ്മയുടെ പുതിയ അധ്യായം രചിച്ചു.
കോവിഡ് 19 വ്യാപനം മൂലം അതിരൂപതയിലെ വചനബോധന വിദ്യാർഥികൾക്കുള്ള അവധിക്കാല ബൈബിൾ പഠനം മുടങ്ങിയ സാഹചര്യത്തിലാണ് അതിരൂപതയുടെ വചനബോധന, മാധ്യമ ശുശ്രൂഷകൾ കൈകോർത്ത് “ഇ-വചനം” എന്ന പദ്ധതിക്ക് രൂപം നൽകിയത്. 2020 മെയ് 4 മുതലുള്ള അഞ്ചു ദിവസങ്ങളിൽ ഭവനങ്ങളിൽ ആയിരുന്നുകൊണ്ട് ബൈബിൾ പഠനം സാധ്യമാക്കുന്ന രീതിയിലാണ് ഇതു സംഘടിപ്പിച്ചത്. അഞ്ചുദിവസത്തെ വിഷയങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഹാൻഡ്ബുക്ക്, വിഷയങ്ങളുമായി ബന്ധപ്പെട്ട വിഡിയോ, ഓഡിയോ എന്നിവ അതിരൂപത മീഡിയ കമ്മീഷൻ ഫേസ്‌ബുക്കിലൂടെയും, യുട്യൂബ്, വാട്സ്ആപ്പ് വഴിയും ലഭ്യമാക്കി.
ഓരോ ദിവസവും കൂടുതൽ കൂടുതൽ കുട്ടികൾ ടാസ്കുകൾ പൂർത്തിയാക്കാൻ ഇറങ്ങിയതോടെ ക്യാമ്പ് ‘വൈറലായി’ . രൂപതയിലെ ഇടവകകളിൽ നിന്ന് മാത്രമല്ല മറ്റു രൂപതകളിൽ നിന്നുമുള്ള കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പ്രതികരണം കണ്ട് അധ്യാപകരും വൈദികരും അന്തംവിട്ടു. ചില ഇടവകകൾ ഇതിനെത്തുടർന്ന് സ്വന്തമായി വീഡിയോകളും ക്ലാസ്സുകളും തയ്യാറാക്കി നൽകുകയും ചെയ്തു.
“ഇ-വചനം” വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ലോറൻസ് കുലാസ് അറിയിച്ചു. സംരംഭത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദ്യാർഥികളുടെ പ്രവർത്തനങ്ങളിൽ ചിലത് മീഡിയ കമ്മീഷൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവയ്ക്കുന്നുണ്ട്.