കൊച്ചി: കേരളത്തിന്റെ മുഖമുദ്രയായി എല്ലാവരും അംഗീകരിച്ച് അഭിനന്ദിച്ചിരുന്ന മതസൗഹാര്‍ദ്ദവും സമൂദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത-സമൂദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ കെസിബിസിയുടെ ശീതകാലസമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. വിഭാഗീയത വര്‍ധിച്ച് മത-സമുദായ സൗഹാര്‍ദ്ദം നഷ്ടപ്പെടാന്‍ ഇടയാകാതിരിക്കാന്‍ എല്ലാ സമൂദായങ്ങളിലെയും അംഗങ്ങളും നേതൃത്വങ്ങളും അതീവ ശ്രദ്ധ കാണിക്കണം. വിദ്യാഭ്യാസ-സാംസ്‌കാരിക ഔന്നത്യം തുടര്‍ന്നും പാലിച്ച് കേരളത്തിന്റെ യശസ്സ് സുദൃഢമായി നിലനിര്‍ത്താന്‍ എല്ലാവരും നല്ല മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്യുന്നു.
ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാ പൗരന്മാരും പങ്കാളികളാകുമെന്നും പ്രാദേശിക വിഷയങ്ങളില്‍ സത്വരമായി ഇടപെട്ടുകൊണ്ട് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും കഴിവും സാമര്‍ത്ഥ്യവുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുമെന്നും കെസിബിസി പ്രതീക്ഷിക്കുന്നു.
ഈ കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസ ജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിനും പരിശുദ്ധ കന്യകാമതാവിനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പഠനവിഷയമാക്കുന്നതിനുംവേണ്ടി 2021 (ജനുവരി മുതല്‍ ഡിസംബര്‍ വരെ) മരിയന്‍ വര്‍ഷമായി കേരളസഭയില്‍ ആചരിക്കുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചു.
പാര്‍ക്കിന്‍സെന്‍സ് രോഗിയും വൃദ്ധനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദുരിതപൂര്‍ണമായ ജയില്‍ വാസത്തില്‍ നിന്ന് എത്രയും വേഗം വിമോചിപ്പിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെടുന്നു.
കോട്ടപ്പുറം രൂപതാംഗമായ ഫാ. ലിജോ മാത്യു താനിപ്പിള്ളിയെ വിമന്‍ കമ്മീഷന്റെ സ്പിരിച്വല്‍ അഡ്‌വൈസര്‍ ആയും, വരാപ്പുഴ അതിരൂപതാംഗമായ ഫാ. പോള്‍സണ്‍ സീമേന്തിയെ ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായും, ഫാ. സെബാസ്റ്റ്യന്‍ ജെക്കോബി ഒ.എസ്.ജെ – യെ റീലിജസ് കമ്മീഷന്‍ സെക്രട്ടറിയായും നിയമിച്ചു. വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നിയമനകാലാവധി ഒരു ടേം കൂടി നല്കുന്നതിനും അല്മായ കമ്മീഷന്‍ സെക്രട്ടറിയുടെ നിയമനകാലാവധി ഒരു വര്‍ഷത്തേക്കുകൂടി വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.