പ്രേം ബൊനവഞ്ചർവര്ഷങ്ങളായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ സേവനംചെയ്തു വരുന്ന ഈശോസഭാവൈദികൻ റവ. ഫാ. സ്റ്റാൻ സ്വാമിയേ ഭീകരവാദ കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മിഷൻ. 2018ലെ മഹാരാഷ്ട്രയിലെ ഭീമാ-കോറേഗാവിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് രോഗിയായ അദ്ദേഹത്തെ ഡൽഹിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.ഉത്തരേന്ത്യയിൽ പിന്നാക്കവിഭാഗക്കാരും ആദിവാസികളുമായവർക്കുവേണ്ടി പ്രവർത്തിക്കുകയും ശബ്ദമുയർത്തുന്നവരെയും അടിച്ചമർത്തുവാൻ ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയ അജണ്ടകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ വൃദ്ധ വൈദികന്റെ അറസ്റ്റെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാർഖണ്ഡിൽ ദളിതർക്കും ആദിവാസികൾക്കും അവർക്കിടയിലെ ക്രൈസ്തവർക്കും എതിരെയുള്ള അക്രമങ്ങൾ രൂക്ഷമാണ്.ഇത്തരം പ്രവണതകൾക്കെതിരെ ഭാരതത്തിലെ മതേതരസമൂഹം ഉണരേണ്ടതുണ്ട്. ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾക്കെതിരെ കേരളം കത്തോലിക്കാ സഭ ആശങ്കയും പ്രതിഷേധവും അറിയിച്ചു. സംസ്‌ഥാന ദേശീയ ഭരണകൂടങ്ങളുടെ സത്വര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് കെസിബിസിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. സജു കുത്തോടിപുത്തൻപുരയിൽ CST എന്നിവർ അഭ്യർഥിച്ചു.വൈദികനെതിരായ നടപടിയിൽ വിവിധ കത്തോലിക്കാ കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തെത്തി. വയോധികനെന്ന പരിഗണന നൽകാതെ കോവിഡ് കാലത്ത് ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടായത് തീർത്തും നിതീനിഷേധമാണെന്നു ഭാരതത്തിലെ കത്തോലിക്കാ വൈദിക കൂട്ടായ്മ അഭിപ്രായപ്പെട്ടു.