✍️ പ്രേം ബൊനവഞ്ചർ
തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ ഇന്ന് (ഡിസംബർ 8) മുതൽ ഒരു വർഷക്കാലം യൗസേപ്പിതാവിന്റെ വർഷം ആചരിക്കുവാൻ സഭാസമൂഹത്തോട് പാപ്പ ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയിലെ ഓരോ അംഗങ്ങളും വി. യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിൽ ദിനംപ്രതി വിശ്വാസ ജീവിതം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വർഷാചരണത്തിൽ പ്രത്യേക ദണ്ഡവിമോചനവും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
യേശുവിന്റെ വളർത്തുപിതാവിനായി സമർപ്പിച്ച ഒരു അപ്പസ്തോലിക കത്തും പാപ്പ പുറത്തിറക്കി. വാഴ്ത്തപ്പെട്ട കന്യാമറിയത്തിന്റെ ജീവിതപങ്കാളിയെക്കുറിച്ച് ചില “വ്യക്തിപരമായ പ്രതിഫലനങ്ങൾ” പങ്കിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാട്രിസ് കോർഡ് (“ഒരു പിതാവിന്റെ ഹൃദയത്തോടെ”) എന്ന ശീർഷകമുള്ള കത്തിൽ പാപ്പ വിശദീകരിച്ചു.
പകർച്ചവ്യാധിയുടെ ഈ മാസങ്ങളിൽ ഇത്തരമൊരു ആചരണത്തിനായുള്ള എന്റെ ആഗ്രഹം വർദ്ധിച്ചു. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിനായി നിരവധി ആളുകൾ ഈ പ്രതിസന്ധി ഘട്ടത്തിൽ മറഞ്ഞും തെളിഞ്ഞും ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. നമ്മിൽ ഓരോരുത്തർക്കും വി. യൗസേപ്പിൽ ഒരു മധ്യസ്ഥനെയും കഷ്ടകാലങ്ങളിൽ ഒരു പിന്തുണയെയും വഴികാട്ടിയെയും കണ്ടെത്താൻ കഴിയും. അദ്ദേഹം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു മനുഷ്യനായിരുന്നു. എന്നാൽ യേശുവിന്റെ ദൈനംദിന ജീവിതത്തിൽ ആ മനുഷ്യൻ വിവേകപൂർണ്ണവും അദൃശ്യവുമായ സാന്നിധ്യമായി മാറി. മറഞ്ഞിരിക്കുന്ന അല്ലെങ്കിൽ അദൃശ്യരായിരിക്കുന്നവർക്ക് രക്ഷാകര ചരിത്രത്തിൽ സമാനതകളില്ലാത്ത പങ്ക് വഹിക്കാൻ കഴിയുമെന്ന് വി. യൗസേപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഒമ്പതാം പിയൂസ് പാപ്പ 1870 ഡിസംബർ 8നാണ് സാർവത്രിക സഭയുടെ പരിപാലകനും മധ്യസ്‌ഥനുമായി യൗസേപ്പിതാവിന്റെ വാഴിച്ചത്. വി. യൗസേപ്പിന്റെ രക്ഷാകർതൃത്വത്തിന്റെ സാർവത്രികത ഊട്ടിയുറപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സഭയിൽ നിലവിലുള്ള ഏതെങ്കിലും അംഗീകൃത പ്രാർത്ഥനയോ ഭക്തിപ്രവൃത്തിയോ ചെയ്യുന്നവർക്ക് – പ്രത്യേകിച്ചും വിശുദ്ധനെ സ്മരിക്കുന്ന പ്രധാന തിരുനാൾ ദിനങ്ങളായ ഡിസംബർ 29നും, (തിരുക്കുടുംബ തിരുനാൾ) മാർച്ച് 19നും മെയ് ഒന്നിനും ബൈസന്റൈൻ പാരമ്പര്യത്തിൽ ആചരിക്കുന്ന സെന്റ് ജോസഫ് ഞായറിലും, എല്ലാ മാസത്തിലേയും 19-ാം തീയതിയും, ലത്തീൻ സഭാവിശ്വാസത്തിൽ വിശുദ്ധന്റെ വണക്കദിവസമായി കരുതുന്ന ബുധനാഴ്ചകളിലും – പ്രത്യേക ദണ്ഡവിമോചനം അനുവദിച്ചു.
ആരോഗ്യപരമായ അടിയന്തിരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, ദണ്ഡവിമോചനത്തിന്റെ അനുഗ്രഹം പ്രായമായവർക്കും രോഗികൾക്കും മരണാസന്നർക്കും നിയമാനുസൃതമായ കാരണങ്ങളാൽ ഭവനങ്ങളിൽ വിശ്രമത്തിൽ ആയിരിക്കുന്നവർക്കും പ്രത്യേകമായി ലഭിക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഇവർ കഴിയുന്നതും വേഗം തങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ ദണ്ഡവിമോചനം പ്രാപിക്കുവാൻ ആവശ്യമായ മൂന്ന് കാര്യങ്ങൾ ചെയ്യുകയും യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം ഒരു സൽപ്രവൃത്തി ചെയ്യുന്നതും ഉചിതമാണ്. രോഗികളുടെയും നന്മരണത്തിന്റെയും മധ്യസ്‌ഥനായ വി. യൗസേപ്പിന്റെ ആശ്വാസം അവരുടെ ജീവിതത്തിലെ വേദനകളും അസ്വസ്ഥതകളും ദൈവത്തിൽ സമർപ്പിക്കുവാനും അവിടുത്തെ വളർത്തു പിതാവിൽ ആശ്രയിക്കുവാനും അവരെ പ്രാപ്തരാക്കും.
വി. യൗസേപ്പിന്റെ പിതൃഗുണങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ തന്റെ അപ്പസ്തോലിക കത്തിൽ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തെ പ്രിയങ്കരനും ആർദ്രനും സ്നേഹവാനും അനുസരണമുള്ളവനും സ്വീകരിക്കുന്നവനും ധീരനുമായി പാപ്പ വിശേഷിപ്പിച്ചു. യേശുവുമായുള്ള ബന്ധത്തിൽ, സ്വർഗ്ഗീയ പിതാവിന്റെ ഭൗതിക നിഴലായിരുന്നു അദ്ദേഹം. അവിടുന്നു യേശുവിനെ ഒരിക്കലും സ്വന്തം വഴിക്ക് പോകാൻ വിടാത്തവിധം നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തു.
സമകാലിക ലോകത്തിന് യഥാർത്ഥ പിതൃത്വത്തിന്റെ ഉദാഹരണങ്ങൾ ആവശ്യമാണെന്ന് ഫ്രാൻസിസ് പറഞ്ഞു. എല്ലാ തൊഴിലും പക്വമായ ത്യാഗത്തിന്റെ ഫലമായ സ്വയംസമ്മാനം കൊണ്ടാണ് സൃഷ്ടിക്കപ്പെടുന്നത്. പൗരോഹിത്യത്തിനും സമർപ്പിത ജീവിതത്തിനും ഇത്തരത്തിലുള്ള പക്വത ആവശ്യമാണ്. വിവാഹം, ബ്രഹ്മചര്യം, കന്യകാത്വം – നമ്മുടെ വിളി എന്തുതന്നെയായാലും, ത്യാഗത്തെ ഓർത്ത് പിൻവലിക്കുകയാണെങ്കിൽ നമ്മുടെ സമർപ്പണം നിവൃത്തിയേറില്ല; അങ്ങനെയാണെങ്കിൽ, സ്നേഹത്തിന്റെ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും അടയാളമായി മാറുന്നതിനുപകരം, സമർപ്പണം എന്നത് അസന്തുഷ്ടിയുടെയും സങ്കടത്തിന്റെയും നിരാശയുടെയും പ്രകടനമായിത്തീരും.
ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പോസ്തലിക കാലയളവിൽ വി. യൗസേപ്പിനോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നതിൽ വളരെയേറെ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. വി. യൗസേപ്പിന്റെ തിരുനാളിലാണ് അദ്ദേഹം തന്റെ പരമാചാര്യ ശുശ്രൂഷ ആരംഭിച്ചത്. 2015 ൽ ഫിലിപ്പീൻസിലെ അപ്പോസ്തലിക സന്ദർശന വേളയിൽ, വിശുദ്ധന്റെ ചിത്രം തന്റെ മേശപ്പുറത്ത് വച്ചതിന്റെ കാരണം മാർപ്പാപ്പ വിശദീകരിച്ചു. “വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യൗസേപ്പിതാവിനോട് എനിക്ക് വലിയ സ്‌നേഹമുണ്ട്, കാരണം അദ്ദേഹം നിശബ്ദനും കരുത്തനുമാണ്.”
ഈ വർഷം മാർച്ച് 18 ന് തന്റെ പൊതുകൂട്ടായ്മയിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ യൗസേപ്പിതാവിലേക്ക് തിരിയാൻ അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു. കൃപകളിൽ മികച്ച കൃപയ്ക്കായി, നമ്മുടെ പരിവർത്തനത്തിനായി വി. യൗസേപ്പിനോട് പ്രാർത്ഥിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ പുതിയ അപ്പസ്തോലിക കത്ത് അവസാനിപ്പിച്ചത്.