വിശുദ്ധ യൗസേപ്പിതാവിന്റെ ലിറ്റനി പ്രാർത്ഥനയിൽ ഏഴ് പുതിയ വിശേഷണങ്ങൾ കൂടി കൂട്ടിച്ചേർത്തതായി വത്തിക്കാനിലെ ആരാധനാ തിരുസംഘത്തിന്റെ കാര്യാലയം അറിയിച്ചു. സാർവത്രിക സഭ തൊഴിലാളികളുടെ മധ്യസ്‌ഥനായ വി. യൗസേപ്പിന്റെ തിരുനാൾ ആഘോഷിക്കുന്ന മെയ് ഒന്നിനായിരുന്നു ശ്രദ്ധേയമായ തീരുമാനം വത്തിക്കാൻ തിരുസംഘം വിശ്വാസികളെ അറിയിച്ചത്.
ലത്തീൻ ഭാഷയിൽ Custos Redemptoris, Serve Christi, Minister salutis, Fulcimen in difficultatibus, Patrone exsulum, Patrone afflictorum, Patrone pauperum എന്നിങ്ങനെയാണ് പുതിയ വിശേഷണങ്ങൾ. സഭയുടെ പാലകനായ വി. യൗസേപ്പിതാവിനു നൽകിയിരിക്കുന്ന ഈ വിശേഷണങ്ങളെ രക്ഷകന്റെ പാലകൻ, ക്രിസ്തുവിന്റെ ദാസൻ, രക്ഷാകര (പദ്ധതിയുടെ) മധ്യസ്‌ഥൻ, കഷ്ടതയിൽ ആശ്വാസം, അഭയാർഥികളുടെ മധ്യസ്‌ഥൻ, ദുരിതബാധിതരുടെ മധ്യസ്‌ഥൻ, ദരിദ്രരുടെ മധ്യസ്‌ഥൻ എന്നിങ്ങനെ മലയാളത്തിൽ തർജ്ജമ ചെയ്യാവുന്നതാണ്.
മെയ് ഒന്നിന് ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്ക് വത്തിക്കാൻ ആരാധനാക്രമ തിരുസംഘം അയച്ച കത്തിൽ പുതിയ വിശേഷണങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്.
വി. യൗസേപ്പിതാവിനെ ആഗോള സഭയുടെ പാലകനും രക്ഷാധികാരിയുമായി സഭ പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തിൽ, ഫ്രാൻസിസ് പാപ്പ “പാത്രിസ് കോർദേ” (പിതാവിന്‍റെ ഹൃദയം) എന്ന അപ്പോസ്തലിക ലിഖിതം പുറത്തിറക്കിയിരുന്നു. ഈ മഹാനായ വിശുദ്ധനോടുള്ള നമ്മുടെ സ്നേഹം വർദ്ധിപ്പിക്കുകയും, അവിടുത്തെ മാധ്യസ്ഥം യാചിക്കുവാനും പ്രാർത്ഥിക്കുവാനും അദ്ദേഹത്തിന്റെ സദ്‌ഗുണങ്ങളും തീക്ഷ്ണതയും അനുകരിക്കുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധമാണ് പാപ്പ തന്റെ ഉദ്‌ബോധനം തയാറാക്കിയത്.
ഈ സംഭവത്തിന്റെ വെളിച്ചത്തിൽ, വിശുദ്ധ യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥം ചൊല്ലുന്ന ലിറ്റനി പ്രാർഥനയിൽ മാറ്റങ്ങൾ വരുത്തുന്നത് ഉചിതമായി കാണപ്പെട്ടു. 1909ൽ ആഗോള സഭ അംഗീകരിച്ചു, സഭയുടെ പാലകൻ എന്നനിലയിൽ യൗസേപ്പിതാവിനു വിവിധ കാലഘട്ടങ്ങളിൽ വിവിധ പാപ്പാമാരും സഭാ മേലധ്യക്ഷന്മാരും പണ്ഡിതരും നല്കിപ്പോന്ന വിശേഷണങ്ങൾ ഉൾച്ചേർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ വിശേഷണങ്ങൾ ചേർക്കുവാൻ തിരുസംഘം സന്നദ്ധരായിരിക്കുന്നത്.
ലിറ്റിനിയിലേക്കുള്ള കൂട്ടിച്ചേർക്കലുകൾ ഫ്രാൻസിസ് പാപ്പ അംഗീകരിച്ചു. പുതിയ വിശേഷണങ്ങൾ അവരവരുടെ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്യുന്നതിനും അത് വിതരണം ചെയ്യുന്നതിനും പ്രാദേശിക മെത്രാൻ സമിതികൾ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് തിരുസംഘം ഓർമിപ്പിച്ചു. സമിതികൾക്ക് അവരുടെ വിവേകപൂർണ്ണമായ അധികാരങ്ങൾ അനുസരിച്ചു വിശുദ്ധന് പ്രാദേശികമായി ബഹുമാനപൂര്വം നൽകുന്ന വിശേഷണങ്ങൾ ലിറ്റനിയിൽ കൂട്ടിച്ചേർക്കുവാനും കഴിയും.