ഓഗസ്റ്റ് 27 ന് വി. മോണിക്കയുടെ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ സെന്റ് അഗസ്റ്റിൻ ബസിലിക്ക സന്ദർശിച്ചു. ബസിലിക്കയിൽ വി. മോണിക്കയ്ക്ക് സമർപ്പിതമായ ചാപ്പലിൽ അദ്ദേഹം പ്രാർഥനയ്ക്കായി ചിലവഴിച്ചു. വിശുദ്ധയുടെ തിരുശേഷിപ്പുകൾ ഈ ദേവാലയത്തിലാണ്.
മുൻപ് 2018ലും ഇതേ ദിവസം അദ്ദേഹം ബസിലിക്കയിൽ എത്തി പ്രാർത്ഥിച്ചിരുന്നു. അയർലണ്ടിലെ അപ്പസ്തോലികസന്ദർശനം കഴിഞ്ഞു മടങ്ങിവന്ന പാപ്പ, റോമിലെ മേരി മേജർ ബസിലിക്ക സന്ദർശിച്ച ശേഷം ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നു.
വി. മോണിക്കയോട് പ്രത്യേക ഭക്തിയും ആദരവും പുലർത്തുന്ന വ്യക്തിയാണ് ഫ്രാൻസിസ് പാപ്പ. 2018 ൽ അദ്ദേഹം നൽകിയ ഒരു വിചിന്തനത്തിൽ വിശുദ്ധയുടെ പ്രാർഥനയെ പ്രകീർത്തിക്കുന്ന ഒരു ഭാഗം തന്നെ അതിനുദാഹരണമാണ്: “ഉദാഹരണമായി, വി. മോണിക്കയെക്കുറിച്ച് ചിന്തിക്കുക – തന്റെ മകന്റെ മനഃപരിവർത്തനത്തിനായി അവൾ എത്ര വർഷം പ്രാർത്ഥിച്ചു, ദൈവസന്നിധിയിൽ കണ്ണീർ പൊഴിച്ചു! കർത്താവു അവസാനം അവൾക്ക് അനുഗ്രഹത്തിന്റെ വാതിൽ തുറന്നുകൊടുത്തു.”
റോമിലെ തന്റെ സന്ദര്ശനവേളയിൽ, തൊട്ടടുത്ത പുരോഹിതഭവനത്തിൽ താമസിച്ചിരുന്ന കർദിനാൾ ബെർഗോഗ്ലിയോ (ഇപ്പോഴത്തെ ഫ്രാൻസിസ് പാപ്പ) വി. അഗസ്റ്റിന്റെ അമ്മയുടെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പതിവായി പ്രാർഥിക്കാൻ പോകുമായിരുന്നു.
2013 ഓഗസ്റ്റ് 28ന് വി. അഗസ്റ്റിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ഇതേ ദേവാലയത്തിൽ അഗസ്റ്റീനിയൻ സഭയുടെ ജനറൽ ചാപ്റ്റർ ഉദ്‌ഘാടനം നടത്തുകയും തിരുനാൾ ദിവ്യബലി അർപ്പിക്കുകയും ചെയ്തിരുന്നു.
പ്രേം ബൊനവഞ്ചർ