✍️ പ്രേം ബൊനവഞ്ചർ
അരുണാചൽ പ്രദേശിൽ മിഷനറിയായി പ്രവർത്തിക്കുന്ന റവ. ഫാ. ജോൺ കണ്ടത്തിൻകരയെ വിൻസെൻഷ്യൻ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി തിരഞ്ഞെടുത്തു. എറണാകുളം ഇടപ്പള്ളിയിലെ സഭയുടെ ജനറലേറ്റിൽ നടന്ന സമ്മേളനത്തിലാണ് 66കാരനായ ഫാ. ജോണിനെ പുതിയ നിയോഗം തേടിയെത്തിയത്.
നിലവിലെ ജനറലായ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേലിന്റെ പിൻഗാമിയായി പത്താമത്തെ ജനറലായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അരുണാചൽ പ്രദേശിലെ മിയാവോ രൂപതയിലെ ടിസ്സയിലുള്ള ഡി പോൾ മിഷന്റെ റെക്ടർ ആയി സേവനം ചെയ്തുവരികയായിരുന്നു
പുതിയ ദൗത്യത്തിൽ മിയാവോ രൂപത ബിഷപ് ജോർജ് പള്ളിപ്പറമ്പിൽ ആശംസ അറിയിച്ചു. “എളിമയും കഴിവുമുള്ള നേതാവാണ് ഫാ. ജോൺ. പാസ്റ്ററൽ കൗൺസിലിംഗിലെ അക്കാദമിക മികവും അരുണാചൽ പ്രദേശിലെ തന്റെ എളിയ ദൗത്യത്തിൽ വർഷങ്ങളായുള്ള അനുഭവസമ്പത്തും ലോകമെമ്പാടുമുള്ള വിൻസെൻഷ്യൻ സഭാംഗങ്ങളെ നയിക്കാനുള്ള അദ്ദേഹത്തിന്റെ നിയോഗത്തിൽ സഹായകമായി മാറും എന്ന് ഉറപ്പുണ്ട്.”
1954 നവംബർ 25ന് ജനിച്ച അദ്ദേഹം 1984 ഏപ്രിൽ 9ന് വൈദികനായി. അമേരിക്കയിലെ ബാൾട്ടിമോർ ലയോള സർവകലാശാലയിൽ നിന്നും പാസ്റ്ററൽ കൗണ്സലിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ബാംഗ്ലൂരിലെ ഡി പോൾ ഫിലോസഫി ഇൻസ്റ്റിട്യൂട്ടിൽ പ്രൊഫസർ, ഇൻസ്റ്റിട്യൂട്ടിന്റെ സ്‌പിരിച്വൽ ഡയറക്ടർ, സത്നായിലെ സെന്റ് എഫ്രേംസ് തിയോളജിക്കൽ കോളേജ് റെക്ടർ എന്നീ പദവികൾ വഹിച്ചു. തുടർന്ന് എട്ടുവർഷത്തോളം സഭയുടെ ഡൽഹി പ്രോവിന്സിന്റെ മേൽനോട്ടം വഹിച്ച ശേഷം 2017ൽ അരുണാചൽ പ്രദേശിലെത്തി.
1904ൽ കേരളത്തിൽ ആരംഭം കുറിച്ച വിൻസെൻഷ്യൻ വൈദികസമൂഹം വി. വിൻസെന്റ് ഡി പോളിന്റെ മിഷൻ ജീവിതചര്യകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സന്യാസസമൂഹമാണ്. ഇന്ത്യയിലെ 19 സംസ്‌ഥാനങ്ങളിലും ഓസ്ട്രേലിയ, ജർമനി, ഇറ്റലി, ന്യൂസിലന്റ്, അമേരിക്ക തുടങ്ങി 15 രാജ്യങ്ങളിലും സഭയുടെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. സുവിശേഷവത്കരണം എന്ന കരിസ്മയിൽ ഊന്നി പ്രവർത്തിക്കുന്ന സഭയ്ക്ക് ലോകമെമ്പാടും 51 ധ്യാനകേന്ദ്രങ്ങളുണ്ട്. കേരളത്തിലെ പ്രസിദ്ധമായ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം അവരുടെ പ്രധാന ആത്മീയകേന്ദ്രമാണ്.