ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയെ ഒരു കർദിനാൾ ആക്കിയ പാപ്പ എന്നതിനേക്കാൾ ഉപരി വർഷങ്ങൾക്കുശേഷം ജോൺ പോൾ രണ്ടാമനെ വിശുദ്ധനാക്കുന്ന നടപടി ക്രമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത് ഫ്രാൻസിസ് പാപ്പ ആണ്.
ഇപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ചിന്തകളും ആശയങ്ങളും അനുഭവങ്ങളും പ്രതിഫലിക്കുന്ന ഒരു പുതിയ പുസ്തകം തയ്യാറാകുന്നു. “സാൻ ജിയോവാനി പൗലോ മാഗ്നോ” എന്ന് പേരിട്ടിരിക്കുന്ന ഇൗ പുസ്തകം ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. ഫ്രാൻസിസ് പാപ്പ ലൂയിജി മരിയ എപികോക്കോ എന്ന വൈദീകനുമായി 2019 ജൂൺ മുതൽ 2020 ജനുവരി വരെ നടത്തിയ സംഭാഷണങ്ങൾ ആണ് ഒരു പുസ്തകമായി രൂപംകൊള്ളുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തെക്കുറിച്ച് പ്രസിദ്ധീകരിക്കാത്ത ചില ഏടുകളും ഈ കൃതിയിലുണ്ട്.
ലൂയിജി മരിയ എപികോക്കോ എന്ന യുവ വൈദീകന്റെ രചനകൾ ഫ്രാൻസിസ് പാപ്പയ്ക്ക് വളരെ ഇഷ്ടമാണ്. ഡിസംബറിൽ എല്ലാ ക്യൂറിയ അംഗങ്ങൾക്കും എപ്പികോകോയുടെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പ സമ്മാനമായി നൽകിയിരുന്നു.