ഡോ.ഗ്രിഗറി പോൾ കെ ജെ
വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള നിരവധി വിശേഷണ പുണ്യങ്ങളിൽ കൂടുതൽ അവലോകനം ചെയ്യപ്പെടുന്ന ഒന്ന്, തൊഴിലിനോടുള്ള അഭിവാഞ്ചയിലൂന്നിയ സായൂജ്യത്തിൽ അദ്ദേഹം പ്രകടമാക്കുന്ന ക്രാന്തദർശിത്വവും അനിതര സാധാരണമായ നിശ്ചയ ദാർഢ്യവുമാണ്. വിശുദ്ധ യൗസേപ്പിതാ വർഷം ആചരിക്കപ്പെടുന്ന ഈ അവസരത്തിൽ അദ്ദേഹത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട് ചില ചിന്തകൾ കുറിക്കട്ടെ.
തൊഴിലിന്റെ മഹത്വം ദർശിച്ചവൻ, വിശുദ്ധ യൗസേപ്പ്
ആഗോളസഭ തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പിന്റെ തിരുനാൾ ആഘോഷിക്കുന്ന മെയ് ഒന്നിന് സർവ്വ രാജ്യ തൊഴിലാളി ദിനമായി ലോകമെങ്ങും ആചരിക്കാറുണ്ടല്ലോ. 8 മണിക്കൂർഅദ്ധ്വാനം, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ കുടുംബത്തോടൊപ്പം എന്ന മഹത്തായ ആശയം പിറവികൊണ്ട 1886 ലെ ചിക്കാഗോ തൊഴിലാളി പ്രകടനമാണ് മെയ് ദിന ആചാരണത്തിന് പ്രേരകമായതെന്ന് അനുസ്മരിക്കുമ്പോൾതന്നെ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് തൊഴിലിന്റെ മഹത്വം തന്റെ ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ, ലോകത്തിനെങ്ങും മാതൃകയാക്കിയ വിപ്ലവകാരിയായ വിശുദ്ധ യൗസേപ്പിതാവിനെ, യൗസേപ്പിതാ വർഷമായി ആചരിക്കപ്പെടുന്ന 2021 ൽ സവിശേഷമായി ഓർക്കാതിരിക്കുന്നതെങ്ങിനെ?
ലോങ്മാൻ നിഘണ്ടുവിൽ വിപ്ലവം എന്ന വാക്കിന്റെ അർത്ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു “a complete change in ways of thinking, methods of working etc.” അങ്ങനെ നോക്കിയാൽ വി.യൗസേപ്പിതാവ് ഒരു വിപ്ലവകാരിയായിരുന്നു; ചിന്തയിലും പ്രവൃത്തിയിലും വ്യത്യസ്തത പുലർത്തിയ, തൊഴിലും കുടുംബ പരിപാലനവും ഒരുമിച്ചു കൊണ്ടു നടന്ന സാഹസിക നായകൻ. അദ്ദേഹത്തിന്റെ ഭവനവും തൊഴിലിടവും സന്ദർശിക്കുവാനുള്ള അപൂർവ ഭാഗ്യം 2009 ലെ വിശുദ്ധനാട് തീർത്ഥാടന വേളയിൽ ലഭിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. അവിടെ ഈശോയും കന്യകാമറിയവും യൗസേപ്പിതാവിന്റെ പണിശാലയിലെ തൊഴിലാളികളായിരുന്നു എന്നതും, കഷ്ടപ്പാടുകളും പ്രതിസന്ധികളും ആ പണിശാലയിൽ അവർ ഒരുമിച്ച് അനുഭവിച്ചിരുന്നു എന്നതും മനസ്സിലിന്നും മായാതെ നിൽക്കുന്നു.
തൊഴിലിന്റെ മാഹാത്മ്യം വിശുദ്ധ ഗ്രന്ഥത്തിൽ അനേകം സ്ഥലങ്ങളിൽ വിവരിച്ചിരിക്കുന്നത് നാമെല്ലാം വായിച്ചിട്ടുള്ളതാണല്ലോ. വിത്ത് വിതയ്ക്കുന്നതും, പാടത്തു പണിയെടുക്കുന്നതും, കൊയ്യുന്നതും, ധാന്യം ശേഖരിക്കുന്നതും, പന്നികളെ മേയ്ക്കുന്നതും….. വി.യൗസേപ്പിതാവിന്റെ തൊഴിൽസംസ്ക്കാരം സഭ എക്കാലത്തും ഉൾക്കൊണ്ടിരുന്നു എന്നതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ കാണാമെങ്കിലും, ഭാഗ്യസ്മരണാർഹനായ ലിയോ 13 ആമൻ പാപ്പാ 1891ൽ തൊഴിലിനേയും മൂലധനത്തേയും സംബന്ധിച്ച് പുറത്തിറക്കിയ “റേരും നൊവാരും” എന്ന (‘പുതിയസംഗതികളുടെ’ എന്നർത്ഥം) ചാക്രികലേഖനം അന്നുവരെയുള്ള തൊഴിൽ സങ്കൽപ്പത്തെ, തൊഴിലിനെക്കുറിച്ചുള്ള സാമൂഹികദബോധത്തെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു!
സഭാമക്കൾ മാത്രമല്ല, തൊഴിലിനെ സ്നേഹിക്കുന്ന, ആദരിക്കുന്ന എല്ലാവരും ഈ ചാക്രികലേഖനം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ സമാന കാലഘട്ടത്തിൽ ഉണ്ടായ തത്വചിന്താപരമായ തൊഴിൽ തത്വസംഹിതകൾ ലോക സ്വീകാര്യത നേടിയതും, അക്കാലത്തെ ലോകചിന്തയിലെ സഭയുടെ ഇടപെടലുകളുടെ സജീവതയില്ലായ്മയും മറ്റും മൂലം ഈ ചാക്രിക ലേഖനത്തിന് പ്രചുര പ്രചാരം ലഭിച്ചില്ലെന്ന് മാത്രമല്ല, ചിലപ്പോഴെല്ലാം വിമർശന വിധേയമായി എന്നതും ചരിത്രം. തൊഴിലാളികളുടെയും തൊഴിൽ ദാതാക്കളുടെയും ഉത്തരവാദിത്വങ്ങൾ, ചുമതലകൾ, തൊഴിൽ വിശ്വസ്തത തുടങ്ങി വിശാലമായ ഒരു ക്യാൻവാസാണ് ലിയോ 13 ആമൻ പാപ്പാ ഈ ചാക്രിക ലേഖനത്തിലൂടെ ലോകത്തിന് നൽകിയത്.
ലേഖന മഹത്വം സൂചിപ്പിക്കാൻ വേണ്ടി മാത്രം, സ്വാഭാവിക നീതിയുടെ ശാസനം അന്തർലീനമായി നിലകൊണ്ട പ്രസ്തുത ലേഖനത്തിലെ ‘നീതിയുക്തമായകൂലി’ യെക്കുറിച്ചുള്ള ഒരു വാചകം ഇവിടെ ഉദ്ധരിക്കട്ടെ: “മിതവ്യയശാലിയും മര്യാദക്കാരനുമായ ഒരു ജീവനക്കാരന്റെ ഉപജീവനത്തിന് മതിയാകുന്നതായിരിക്കണം അയാളുടെ പ്രതിഫലം”. തൊഴിലാളികളുടെ പക്ഷം ചേരുന്ന സഭയുടെ കാഴ്ചപ്പാട് സുവ്യക്തമാണ്.
തൊഴിൽ സംസ്‌ക്കാരത്തിന്റെ, പ്രത്യേകിച്ച് അസംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി, കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) 1979ൽ ആരംഭിച്ച കേരള ലേബർ കമ്മീഷന്റെ കീഴിലുള്ള പ്രസ്ഥാനമാണ് കേരള ലേബർ മൂവ്മെന്റ് (കെഎൽഎം). കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലുമുള്ള തൊഴിൽ കമ്മീഷനുകളും വർക്കേഴ്സ് ഫോറങ്ങളും വഴി, കഴിഞ്ഞ നാലു പതിറ്റാണ്ടായി ജാതിമത വ്യത്യാസമില്ലാതെ അടിസ്ഥാന ജനവിഭാഗങ്ങളിലെ അസംഘടിത തൊഴിലാളികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു, കേരള ലേബർ മൂവ്മെന്റ്. കണ്ണൂർ രൂപത മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവാണ് കേരള ലേബർ കമ്മീഷന്റെയും കെഎൽഎംന്റെയും ഇപ്പോഴത്തെ ചെയർമാൻ.
കേരള സഭയുടെ ഈവിധ പ്രവർത്തനങ്ങളെക്കുറിച്ചും നമ്മുടെ അതിരൂപതയിലെ കെ.എൽ.എം. പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ വ്യക്തിപരമായി ശ്രമിക്കുന്നത് ഈ അവസരത്തിൽ ഏറ്റവും അഭികാമ്യമാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിൽ സംസ്ക്കാരം, ലിയോ 13 ആം പാപ്പായുടെ “റേരുംനൊവാരും” ലേഖനം, സമൂഹത്തിന്റെ താഴേക്കിടയിലെ അസംഘടിതരോടുള്ള ഭരണവർഗ്ഗ സമീപനം, ആഗോളവൽക്കരണം തുടങ്ങിയവയാണ് കെ. എൽ. എം. പ്രവർത്തനങ്ങളുടെ ശക്തി സ്രോതസ്സ് എന്ന് നമുക്ക് കണ്ടെത്താനാകും.
രാജ്യത്തുണ്ടായ തൊഴിൽ നിയമങ്ങളെല്ലാം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ളതായിരുന്നു എന്നതിനാൽ, തൊഴിൽ മൗലിക അവകാശമാണെന്ന പൂർണ്ണമായ കാഴ്ചപ്പാടിൽ, എല്ലാ ജന വിഭാഗങ്ങൾക്കും, പ്രത്യേകിച്ച്, പിന്നോക്കം നിൽക്കുന്നവർക്കും അസംഘടിതരായ മുഴുവൻ ജനങ്ങൾക്കും അർഹമായ സംവരണ ആനുകൂല്യങ്ങളോടെ ഇന്ത്യയിലെ ഇന്നത്തെ തൊഴിൽ നിയമങ്ങളിൽ സമഗ്രമായ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ് എന്ന തിരിച്ചറിവ് ഭരണാധികാരികൾക്കും, രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾക്കും ഉണ്ടാകുമ്പോഴേ വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലിനെക്കുറിച്ചുള്ള ദർശനം പൂർണ്ണമാകുകയുള്ളൂ; ‘റേരും നൊവാരും’ എന്ന ചാക്രിക ലേഖനത്തിന്റെ ലക്‌ഷ്യം പൂർത്തിയാകുകയുള്ളൂ; കേരള കത്തോലിക്കാ സഭയുടെ തൊഴിൽ മുഖമായ കേരള ലേബർ മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾ ലക്‌ഷ്യം കൈവരിക്കുകയുള്ളൂ.
അങ്ങിനെ, സമഗ്രമായ ഒരു പുത്തൻ തൊഴിൽ സംസ്കാരം രൂപം കൊള്ളുവാൻ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ഇടവരുത്തട്ടെ എന്ന് പ്രത്യാശിക്കാം. വിശുദ്ധ യൗസേപ്പിതാ വർഷാചരണത്തിലൂടെ അദ്ദേഹത്തിന്റെ ജീവിത വഴിയിൽ സ്വീകരിച്ച തൊഴിൽ മൂല്യങ്ങൾ ഹൃദയത്തിൽ ഏൽക്കുവാനും ജന നന്മയ്ക്കായി അവ ഫല പ്രാപ്തിയിൽ എത്തിക്കുവാനും നമ്മുടേതായ പങ്ക് വഹിക്കാൻ പരിശ്രമിക്കാം.