പ്രേം ബൊണവഞ്ചർ
സംയോജിത തലയുമായി പിറന്ന് വത്തിക്കാനിലെ പീഡിയാട്രിക് ആശുപത്രിയിൽ ചികിൽസയിലൂടെ വേർപിരിഞ്ഞ ഇരട്ട കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ജ്ഞാനസ്നാനം നൽകി.
ഫ്രഞ്ച് പൗരത്വമുള്ള മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുൻമന്ത്രി അന്റോണിയോ മൊണ്ടെയ്ൻ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാപ്പയുടെ വസതിയായ കാസ്സ സാന്താ മർത്തയിൽ വച്ചായിരുന്നു കൂദാശകർമം.
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബംഗുയിയിൽ നിന്നും 60 മൈൽ അകലെയുള്ള ഒരു ഗ്രാമത്തിലാണ് 2018 ജൂൺ 29 ന് ഇരട്ടകളായ എർവിനയും പ്രിഫിനയും ജനിച്ചത്. അപൂർവവും സങ്കീർണ്ണവുമായ തലയോട്ടിയും സെറിബ്രൽ ഫ്യൂഷനുമായി ജനിച്ചവരായിരുന്നു കുട്ടികൾ.
2018 ജൂലൈയിൽ ബംഗുയി സന്ദർശന വേളയിൽ ബാംബിനോ ജേസുവിന്റെ പ്രസിഡന്റ് മരിയെല്ല എനോക്ക് ഇരട്ടകളെ കണ്ടുമുട്ടി. ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥനപ്രകാരം ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിൽ ശിശുരോഗസേവനങ്ങളുടെ മേൽനോട്ടം വഹിക്കുകയായിരുന്ന എനോക്ക് ശസ്ത്രക്രിയയ്ക്കായി പെൺകുട്ടികളെ റോമിലേക്ക് കൊണ്ടുവരാൻ അവർ തീരുമാനിച്ചു.
30 ലധികം മെഡിക്കൽ സ്റ്റാഫുകൾ ഉൾപ്പെട്ട 18 മണിക്കൂർ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർതിരിക്കാൻ സാധിച്ചതെന്നും, അവർ ഇപ്പൊൾ സാധാരണ കുഞ്ഞുങ്ങളെപ്പോലെയാണെന്നും ബാംബിനോ ജേസു ഹോസ്പിറ്റലിന്റെ ന്യൂറോ സർജറി ഡയറക്ടർ ഡോ. കാർലോ എഫിഷ്യോ മാരാസ് പറഞ്ഞു.
ന്യൂറോ സർജൻ, അനസ്‌തേഷ്യോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ എന്നിവരുൾപ്പെടെയുള്ള സംഘം ഒരു വർഷത്തിലേറെയായി ഈ ഉദ്യമത്തിനായി തയാറെടുപ്പുകൾ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടികളുടെ ആരോഗ്യനിലവാരം തുല്യമാണെന്ന് ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയായിരുന്നു ആശുപത്രി അധികൃതർ ലക്ഷ്യംവച്ചത്. കുട്ടികളുടെ തലയും പുറകുവശവും കഴുത്ത് ഉൾപ്പെടെ ചേർന്നതായും തൊലിയും തലയോട്ടിയിലെ എല്ലുകളും പങ്കിടുന്നതായും കണ്ടു. ശസ്ത്രക്രിയയുടെ പല ഘട്ടങ്ങളിലും കുട്ടികളുടെ ശാരീരികപ്രത്യേകൾ കാരണം വെല്ലുവിളികൾ നേരിടേണ്ടിവന്നു. 2019 മെയ് മുതൽ 3 ഘട്ടങ്ങളായിട്ടാണ് ശസ്ത്രക്രിയ നടന്നത്. ജൂൺ 5ന് അവസാന പ്രക്രിയയും ഫലംകണ്ടു.