മാർച്ച് 31 വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും ലോക് ഡൗ നിയന്ത്രണങ്ങളെ തുടർന്ന് നിത്യാഹാരത്തിനും മരുന്നിനും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും ഇതിനായി ഇടവക ഫണ്ടിൽ നിന്നും തുക ചെലവഴിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. നിർദ്ധനരെ സഹായിക്കാൻ ഇടവകയ്ക്ക് കഴിയാത്ത പക്ഷം അക്കാര്യം ഫെറോന അതിരൂപതാ നേതൃത്വങ്ങളെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു.
ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദിഷ്ട ക്വാറന്റൈൻ കാലയളവിൽ ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ക്വാറന്റൈൻ കാലയളവിൽ അതിരൂപതയുടെ ചില ഭാഗങ്ങളിൽ വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരക്കാരെ പൊതുനന്മയെ കരുതി നിയന്ത്രണങ്ങൾക്ക് വിധേയരാവാൻ പ്രേരിപ്പിക്കണമെന്നും ഇടവക വികാരിമാരോട് ആഹ്വാനം ചെയ്യുന്നുണ്ട്.
ലോകം കൊറോണ ഭീതിയിൽ കരകയറാൻ നടത്തുന്ന ശ്രമങ്ങളോട് സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാനും എല്ലാ ശ്രമങ്ങളോടും സഹകരിക്കാനും അതിരൂപതാ വിശ്വാസികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം. സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.