ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി വേണം ഇൗ ദേവാലയ ലബ്ദിയെ കണക്കാക്കാൻ.
ക്രിസ്തു വർഷം 325-326 കാലഘട്ടത്തിൽ കൺസ്റ്റന്റൻ ചക്രവർത്തിയാണ് ഇൗ ബസിലിക്ക നിർമാണം ആരംഭിച്ചത്. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ പാലത്തീൻ കുന്നിൽ കൊളോസിയത്തിന്റെ അടുത്ത് നിർമിക്കപ്പെട്ട ഇൗ ദേവാലയത്തിൽ വിശുദ്ധ ജെറോം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജറുസലേമിൽ നിന്ന് തിരുശേഷിപ്പുകൾ റോമിലെ ഇൗ ദേവാലയത്തിലേക്ക് കൊണ്ട് വന്നതും, സ്ഥാപിച്ചതും വിശുദ്ധ ജെറോം ആണ്. മഹാനായ ലിയോ പാപ്പ ഏകസ്വഭാവ വാദം എന്ന അബദ്ധ പ്രബോധനത്തിന് എതിരായി പഠിപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ നിന്നാണ്. ഏഴാം നൂറ്റാണ്ട് വരെ മാർപാപ്പമാർ ക്രിസ്തുമസ് ബലി അർപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ ആയിരുന്നു. ഇപ്പൊൾ കാണപ്പെടുന്ന ദേവാലയം പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയമാണ്. വിശുദ്ധ ഡോമിനിക്കിന് മാർപാപ്പ സമ്മാനിച്ച സാൻ സബീന ദേവാലയത്തിലേക്ക് വിഭൂതി ദിനത്തിന്റെ ശുശ്രൂഷകളും മറ്റും മാറ്റുന്നതിന് മുമ്പ് പതിനേഴാം നൂറ്റാണ്ടുവരെ ഇൗ ദേവാലയത്തിൽ വച്ച് ആയിരുന്നു മാർപാപ്പമാരുടെ നേതൃത്വത്തിൽ സഭയിൽ വലിയ നോമ്പുകാലം ആരംഭിച്ചിരിക്കുന്നത്. റോമിൽ ആദ്യമായി നിത്യ ആരാധന കേന്ദ്രം ആരംഭിച്ചതും ഇൗ ദേവാലയത്തിൽ തന്നെ ആണ്.
2011 മുതൽ റോമിലെ സാന്തോം സീറോ മലബാർ സഭ കൂട്ടായ്മ അംഗങ്ങൾ ഇടവകയുടെ തിരുകർമ്മങ്ങൾ ചെയ്തിരുന്നത് ഇൗ ദേവാലയത്തിൽ ആണ്. റോമിലെ സീറോ മലബാർ വിശ്വാസികളുടെ അധികാരം ഉള്ള മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിന്റെയും, വൈദികരുടെയും, വിശ്വാസികളുടെയും പ്രാർത്ഥനയും, പരിശ്രമവും ആണ് ഇന്ന് ഇതിന് കാരണമായത്. 2019 ഒക്ടോബർ മാസത്തിൽ ആദ് ലമിന സന്ദർശനത്തിന് വന്ന സീറോ മലബാർ മെത്രാന്മാർ റോമിൽ സീറോ മലബാർ വിശ്വാസികൾക്കായി ഒരു ദേവാലയം വേണം എന്ന് ഫ്രാൻസിസ് പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.