യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചയായ ക്രിസ്തുരാജത്വ തിരുനാളിൽ ആചരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനംചെയ്തു. നവംബര്‍ 22 ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് പാപ്പയുടെ പുതിയ പ്രഖ്യാപനം.
ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കുന്ന ലോക യുവജനദിനത്തിന്റെ അലയടി പ്രാദേശിക സഭകളിലും ഉണ്ടാകണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ അവസരത്തില്‍ അല്‍മായരുടെയും കുടുംബങ്ങളുടെയും കാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍റെ ഓഫീസുമായും യുവജനപ്രേഷിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരോടും ആലോചിച്ചതിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
ആഗോള യുവജന സംഗമത്തിന്റെ ഉപജ്ഞാതാവായ വി. ജോണ്‍ പോള്‍ രണ്ടാമൻ പാപ്പയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് യുവജനാഘോഷങ്ങളുടെ കേന്ദ്രം മനുഷ്യകുലത്തിന്‍റെ രക്ഷകനായ യേശു ക്രിസ്തുവിന്‍റെ ദിവ്യരഹസ്യങ്ങളായിരിക്കണം എന്ന വസ്തുത പാപ്പ അനുസ്മരിപ്പിച്ചു. ക്രിസ്തു ഇന്നും ജീവിക്കുന്നു, ഭരിക്കുന്നു എന്ന സത്യം അനുദിന ജീവിതം കൊണ്ട് പ്രഘോഷിക്കണമെന്ന് യുവജനങ്ങളോട് പാപ്പ ആഹ്വാനംചെയ്തു.
2023 ആഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ സമ്മേളിക്കുവാന്‍ പോകുന്ന ലോക യുവജന ദിനോത്സവത്തിന് ഒരുക്കമായി ആത്മീയ ചിഹ്നങ്ങളായ വലിയ മരക്കുരിശിന്‍റെയും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രത്തിന്‍റെയും പ്രയാണത്തിന് പാപ്പ തുടക്കം കുറിച്ചു.
(കടപ്പാട് : വത്തിക്കാൻ)