പ്രേം ബൊണവഞ്ചർ
യേശു തങ്ങളുടെ ആദ്യത്തെയും ഏകവുമായ സ്നേഹമായിരിക്കണമെന്ന് സമർപ്പിതർക്ക് ഫ്രാൻസിസ് പാപ്പയുടെ ഓർമ്മപ്പെടുത്തൽ. ഓഗസ്റ്റ് 16 മുതൽ 22 വരെ ബ്രസീലിൽ ആചരിക്കുന്ന സമർപ്പിതർക്ക് വേണ്ടിയുള്ള വാരാചരണത്തിന്റെ ഭാഗമായി അയച്ച കത്തിലാണ് പാപ്പയുടെ ഓർമപ്പെടുത്തൽ. ഈ കാലയളവിലും തുടർന്നും പ്രാർത്ഥനയ്ക്ക് തങ്ങൾ മുൻഗണന നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 16 ന് ബ്രസീലിയൻ കോൺഫറൻസ് ഓഫ് റിലീജിയസിന്റെ വെബ്‌സൈറ്റിൽ പോർച്ചുഗീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച കത്തിൽ, 2014-15 വർഷത്തെ സമർപ്പിത ജീവിതത്തിനായുള്ള തന്റെ അപ്പോസ്തോലിക കത്തിൽ അദ്ദേഹം ഉന്നയിച്ച ഒരു വസ്തുത സമർപ്പിതരെ വീണ്ടും ഓർമിപ്പിച്ചു. “യേശുവാണ് നമ്മുടെ സ്നേഹം. അവനാകണം നമ്മുടെ സ്നേഹം. എങ്കിൽ മാത്രമേ, നമ്മുടെ പാതയിൽ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും സത്യത്തിലും കരുണയിലും സ്നേഹിക്കാൻ നമുക്ക് അധികാരമുണ്ടാകൂ. സ്നേഹത്തിന്റെ അർത്ഥവും പ്രയോഗവും നാം യേശുവിൽ നിന്ന് പഠിക്കും. അവന്റെ ഹൃദയമുള്ളതിനാൽ നമുക്ക് അവനെപ്പോലെ സ്നേഹിക്കാൻ കഴിയും.”
ഓരോ വിളിക്കും ഉപജീവനത്തിനും അതിന്റെ ഉത്ഭവം നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്ന് അറിയുന്നതിന്റെ അനുഭവത്തിലാണ്. മറുവശത്ത്, മാറ്റത്തിലൂടെ ജീവിക്കുന്ന ഇന്നത്തെ സമൂഹം അടിച്ചേൽപ്പിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, ലൗകികവീക്ഷണം പുലർത്താനുള്ള പ്രലോഭനം ഒഴിവാക്കാൻ നാം ജാഗ്രത പാലിക്കണം, അത് ദൈവകൃപയെ ദൈവകൃപയായി കാണുന്നതിൽ നിന്ന് തടയുന്നു. ഒപ്പം ഏതെങ്കിലും പകരക്കാരനെ തേടി ആ കൃപയിൽനിന്ന് പുറത്തുപോകാൻ നമ്മെ പ്രലോഭിപ്പിക്കുന്നു.
പ്രലോഭനത്തിനെതിരായ ഏറ്റവും മികച്ച മറുമരുന്ന് നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കിടയിലും പ്രാർത്ഥനയ്ക്ക് പരിഗണന നൽകുക എന്നതാണ്. യേശുവിനെ അറിയുന്ന, മനസിലാക്കുന്ന വ്യക്തി, അവനിലൂടെ സേവിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നു, കാരണം ഏശയ്യ പ്രവാചകൻ പറഞ്ഞ വാക്കുകൾ അവനു അനുഭവവേദ്യമാകുന്നു : ‘നീ എനിക്ക് വിലപ്പെട്ടവനാണ്’ (43: 4).
സമർപ്പിതജീവിതത്തിനായുള്ള വാരാചരണം ഫലപ്രദമാകാൻ സ്വര്ഗാരോപിത മാതാവിന്റെ മാധ്യസ്ഥം യാചിച്ചു മാർപ്പാപ്പ കത്ത് അവസാനിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് ആത്മീയ കാര്യങ്ങളിൽ വിഭിന്നമായ അവസ്‌ഥ നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു വാരാചരണം ബ്രസീലിൽ നടക്കുന്നത്.