കൊറോണയ്‌ക്കെതിരെ ആത്മീയപ്രതിരോധം ഉയർത്താൻ മേയ് 14 വിവിധ മതവിശ്വാസികൾ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന ‘ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൺ ഫ്രട്ടേണിറ്റി’യുടെ (മനുഷ്യ സാഹോദര്യത്തിനുവേണ്ടിയുള്ള ഉന്നത അധികാര സമിതി) നിർദേശം ഫ്രാൻസിസ് പാപ്പയും അംഗീകരിച്ചു.
യു.എ.ഇ പര്യടനമധ്യേ പാപ്പയും അൽ അസർ ഗ്രാൻഡ് ഇമാമും ചേർന്ന് ഒപ്പുവെച്ച ‘മനുഷ്യ സാഹോദര്യത്തിനുവേണ്ടിയുള്ള മാർഗരേഖ’ പ്രകാരം രൂപീകൃതമായ സമിതിയാണ് ‘ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൺ ഫ്രട്ടേണിറ്റി’.
മേയ് 14 ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവിടണമെന്നാണ് ‘ഹ്യൂമൺ ഫ്രട്ടേണിറ്റി’യുടെ ആഹ്വാനം. ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ ലൈബ്രറിയിൽ ക്രമീകരിച്ച പൊതുസന്ദർശനത്തിലാണ് ഈ നിർദേശം അംഗീകരിക്കുന്ന വിവരം ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചത്. പ്രാർത്ഥനയ്ക്ക് സാർവത്രികമായ മൂല്യമുണ്ടെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.