✍️ പ്രേം ബൊനവഞ്ചർ
കോവിഡ്-19 പകർച്ചവ്യാധിയുടെ ശമനത്തിനായി മെയ് മാസം മുഴുവൻ പ്രാർത്ഥന മാസമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. മരിയൻ വണക്കമാസത്തിൽ നടത്തുന്ന ഈ പ്രാർഥനായജ്ഞത്തിലേക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കരെയും പ്രത്യേകമായി മരിയൻ തീർഥാടന കേന്ദ്രങ്ങളെയും പങ്കെടുക്കാൻ പാപ്പ ക്ഷണിക്കുകയും ചെയ്തു.
ഫ്രാൻസിസ് പാപ്പ പ്രത്യേക താത്പര്യമെടുത്തു നടത്തുന്ന ഈ ഉദ്യമത്തിൽ, ഓരോ മരിയൻ തീർഥാടന കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ, മാസത്തിലെ 30 ദിവസവും പ്രാർഥന നടത്തും. വത്തിക്കാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വഴി തത്സമയം മരിയൻ പ്രാർഥന സംപ്രേഷണം ചെയ്യും. നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഇക്കഴിഞ്ഞ ബുധനാഴ്ച ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടിരുന്നു.
“ഈ സംരംഭത്തിൽ ലോകത്തിലെ എല്ലാ മരിയൻ തീർഥാടന കേന്ദ്രങ്ങളെ പ്രത്യേകമാംവിധം ഉൾപ്പെടുത്തിയിരിക്കുന്നു. വിശ്വാസികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും, മഹാമാരിയുടെ ശമനത്തിനായി ജപമാല ചൊല്ലി പ്രാർഥിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലാണ് പ്രാർഥനായജ്ഞം നടത്തപ്പെടുക.
കാരാഗൃഹത്തില്‍ അടക്കപ്പെട്ട പത്രോസിനു വേണ്ടി ആദിമസഭ തീക്ഷണമായി ദൈവത്തോടു പ്രാര്‍ഥിച്ചു കൊണ്ടിരുന്ന (അപ്പ 12: 5) സംഭവത്തെയാണ് പാപ്പ വിശ്വാസികൾക്ക് മാതൃകയായി ഈയവസരത്തിൽ നൽകുന്നത്.
മെയ് ഒന്നിന് ജപമാല ചൊല്ലി ഫ്രാൻസിസ് പാപ്പ മരിയൻ മാസാചരണത്തിനു തുടക്കം കുറിക്കുന്നത് വത്തിക്കാന്റെ മാധ്യമ ശൃംഖലയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും റോമൻ പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കായിരിക്കും സംപ്രേഷണം. മെയ് 31ന് ജപമാല ചൊല്ലി പാപ്പ തന്നെ ഈ യജ്ഞത്തിന് സമാപനവും കുറിക്കും.
2020 മാർച്ചിൽ സമാനമായ കോവിഡ് തരംഗം ആഞ്ഞടിച്ച കാലത്ത് ലോകം മുഴുവനെയും ചേർത്തുനിർത്തി പാപ്പാ കാസ സാന്താ മാർത്തയിൽ ദിവ്യബലി അർപ്പിച്ചു പ്രാർഥിക്കുകയും വത്തിക്കാനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോക്ക് മുന്നിൽ ജപമാല ചൊല്ലി പ്രാർഥിക്കുകയും ചെയ്തിരുന്നു. ലോകം മുഴുവനുമായി ദിവ്യകാരുണ്യത്തിന്റെ ആശീർവാദവും നൽകി. പ്രക്ഷുബ്ധവും പ്രയാസകരവുമായ കാലയളവിലെ പാപ്പയുടെ നേതൃത്വത്തിൽ നടത്തിയ ഈ പ്രാർത്ഥന സഭാവിശ്വാസികൾക്ക് വലിയ ആശ്വാസമായിരുന്നു.
ഒരു വർഷത്തിനിപ്പുറം – കോവിഡ് മഹാമാരി പിടിവിടാതെ തുടരുന്ന അവസരത്തിൽ, പാപ്പയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയും അതേ പ്രാർഥനയുടെ വഴിയിൽ തന്നെ ഒരുമയോടെ നയിക്കപ്പെടുകയാണ് മെയ്മാസ പ്രാർഥനായജ്ഞത്തിലൂടെ. നമുക്കും പരി. അമ്മയുടെ മധ്യസ്‌ഥതയിൽ ജപമാല ചൊല്ലി ദൈവത്തോട് പ്രാർഥിക്കാം.