ഫ്രാൻസിസ് പാപ്പയുടെയും റോമൻ കൂരിയയുടേയും നോയമ്പുകാല ധ്യാനത്തില്‍ ധ്യാനഗുരു ഫാ.ബൊവാത്തി നല്‍കിയ ധ്യാന ചിന്തകള്‍.
പൊന്തിഫിക്കൽ ബൈബിള്‍ കമ്മീഷന്‍റെ സെക്രട്ടറിയായ ഫാ.ബൊവാത്തി തന്‍റെ ആദ്യ സന്ദേശം ഞായറാഴ്ച (മാർച്ച് 1) വൈകിട്ട് നൽകി. ദൈവവും മനുഷ്യനുമായുള്ള കണ്ടുമുട്ടലിനെ “മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു” (പുറപ്പാട് 3:2) എന്ന് വ്യാഖ്യാനിച്ചും, മത്തായിയുടെ സുവിശേഷവും, സങ്കീർത്തനത്തിലെ പ്രാർത്ഥനയും ചേർത്തുവച്ചാണ് അവതരിപ്പിച്ചത്. റോമൻ കൂരിയയിലെ അംഗങ്ങളോട് പഴയ നിയമത്തിലെ മോശയുടെ കഥ ദൈവത്തിന്‍റെ വെളിച്ചെടുത്തലുകൾ സ്വീകരിക്കാനായുള്ള കാത്തിരിപ്പിനായുള്ള ക്ഷണമാണെന്ന് അറിയിച്ചു. മോശ ദിവസവും തന്‍റെ സമയത്തിന്‍റെ ഒരു ഭാഗം കൂടാരത്തിൽ ദൈവത്തെ ദർശിച്ച് മുഖാമുഖം സംസാരിക്കാൻ ചെലവഴിച്ചു.
യഥാർത്ഥ പ്രാർത്ഥന എന്നാൽ നമ്മുടെ പ്രവാചകദൗത്യം സാക്ഷ്യപ്പെടുത്താൻ ശക്തി പകരുന്ന “അഗ്നി”യുമായുള്ള കണ്ടുമട്ടലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോശ കർത്താവിനോടു അനുസരണയുള്ളവനായിരുന്നതിനാലാണ് താൻ മോശയെ ധ്യാനത്തിന്‍റെ പ്രതിബിംബമാക്കി എടുത്തതെന്നും കത്തുന്ന മുൾപ്പടർപ്പുകൾക്കു മുന്നിൽ മോശ തന്‍റെ പാദരക്ഷകളഴിച്ച് ” കർത്താവിലേക്കല്ലാതെ ഇനി എങ്ങോട്ടും പോകാനില്ല, വേറെ വഴിയോ, മാർഗ്ഗമോ, മുൻഗണനകളോ ഇല്ല എന്നും പറഞ്ഞു.
രണ്ടാമത്തെ ദിവസമായ തിങ്കളാഴ്ച രാവിലെ ധ്യാനഗുരു പുറപ്പാടു 2,1-10; മത്തായി 1, 18-25, സങ്കീർത്തനം139 എന്നീ വായനകൾ കേന്ദ്രീകരിച്ച് മോശ ദൈവവുമായി കൂടിക്കാഴ്ച നടത്തുന്ന കൂടാരത്തിലെ പ്രാർത്ഥനയെ “ആഗ്രഹത്തിന്‍റെ യാത്ര” എന്നാണ് വിശദീകരിച്ചത്. പ്രാർത്ഥനയെ ഒരു വ്യക്തി ദൈവത്തോടു പറയുന്ന വാക്കുകളായി കരുതുന്ന രീതിയിൽ നിന്ന് വ്യത്യസ്ഥമായി മേഘസ്തംഭം കൂടാരത്തിൽ മുന്നിൽ വരുന്നത് ദൈവം മോശയുടെ അടുത്തെത്തി എന്നതിനും, യഥാർത്ഥ പ്രാർത്ഥന ഒരു പ്രവാചക അനുഭവമാണെന്നും, അതിൽ ദൈവത്തിന്‍റെ സ്വരം ശ്രവിക്കാൻ മനുഷ്യന് കഴിയുമെന്നതിന് തെളിവാണെന്നും അദ്ദേഹം വിശദീകരിച്ചു.
മനുഷ്യന്‍റെ നൈമിഷികതയും, ബലഹീനതയും, ദുരിതങ്ങളും നശിക്കാത്ത ജീവന്‍റെ ശക്തിയാൽ നിറക്കപ്പെട്ടതാണെന്ന് മോശയുടെ മുൾപ്പടർപ്പിലെ തീ അനുഭവത്തെകുറിച്ച് ഫാ. ബൊവാത്തി പറഞ്ഞു. ആത്മാവിന്‍റെ ആവേശം വീണ്ടെടുക്കുന്ന ഭക്ത കൃത്യങ്ങളായല്ല, യേശു ലോകത്തിലിടാൻ വന്ന “തീയിടലി”നോടു സഹകരിക്കാൻ സത്യത്തോടുള്ള സമർപ്പണത്തിന്‍റെ നവീകരണമാണ് പ്രാർത്ഥന എന്നും ധ്യാനഗുരു ഓർമ്മിപ്പിച്ചു.
ജലദോഷം നിമിത്തം ധ്യാനം നടക്കുന്ന അറിച്ചയിലെ ദൈവീക ഗുരുമന്ദിരത്തിൽ (Divine Master House) എത്താൻ കഴിഞ്ഞില്ലെങ്കിലും സാന്താ മാർത്തയിലെ തന്‍റെ മുറിയിൽ നിന്ന് ധ്യാനത്തിൽ പങ്കു ചേരുന്ന ഫ്രാൻസിസ് പാപ്പാ ധ്യാനഗുരുവായ ഈശോ സഭാ വൈദീകൻ പിയത്രൊ ബൊവാത്തിക്ക് എഴുതിയ കത്തിൽ നന്ദിയും പ്രാർത്ഥനയും നേരുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കയും ചെയ്തു