തിരുവനന്തപുരം:രാജ്യം അതിനിർണായകമായ ദിശാസന്ധിയിലൂടെ കടന്നുപോകുമ്പോഴും രോഗവ്യാപനം തടയുന്നതിനായി രാഷ്ട്രീയ നേതാക്കന്മാരും ആരോഗ്യപ്രവർത്തകരും അശ്രാന്തപരിശ്രമം നടത്തുമ്പോഴും മദ്യ വില്പന കേന്ദ്രങ്ങൾ തുറന്നു തന്നെ വയ്ക്കുവാനുള്ള ഗവൺമെൻറ് തീരുമാനത്തെ അതിശക്തമായി അപലപിക്കുന്നതായി ആർച്ച് ബിഷപ്പ് സൂസപാക്യം .
ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അധികാരികളുടെയും പൊതുപ്രവർത്തകരുടെയും അഹോരാത്രമുള്ള നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതെ തരമില്ല. ഇവരുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെ ദൈവത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഏറെ പ്രത്യേകിച്ച് സാധാരണക്കാരുടെയും ദിവസത്തൊഴിലാളികളുടെയും സ്ഥിതി ഒത്തിരിയേറെ മോശമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് ഇന്നുള്ളത്. സാഹചര്യങ്ങളുടെ ഗൗരവവും രോഗവ്യാപനവും മനസ്സിലാക്കി ആരാധനാലയങ്ങൾ മാത്രമല്ല അവശ്യസേവനങ്ങൾ പോലും കർശനമായി നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന് പറഞ്ഞു മദ്യ വില്പനാ കേന്ദ്രങ്ങൾ നിർലോഭം തുറന്നു വെച്ചിരിക്കുന്നത് ജനനന്മയാഗ്രഹിക്കുന്ന രു ഗവൺമെന്റിന് ഒരിക്കലും ഭൂഷണമല്ല. നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് ഇതിനെ ഗവൺമെന്റിന്റെ അനിയന്ത്രിതമായ ലാഭേച്ഛയായി മാത്രമേ കാണാൻ സാധിക്കൂ .
ആതുരശുശ്രൂഷാ രംഗത്ത് ഇടതുസർക്കാർ എല്ലാവരെയും കൂട്ടിയിണക്കി ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങൾക്ക് ഒരു തീരാക്കളങ്കമായി സർക്കാരിൻറെ മദ്യനയം അവശേഷിക്കും എന്നതിൽ സംശയമില്ല. ഉത്തരവാദിത്വപ്പെട്ടവർ എത്രയും വേഗം ഇത് മനസ്സിലാക്കി മദ്യത്തോടുള്ള മൃദു സമീപനത്തിന് ഒരു അറുതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.