–പ്രേം ബോണവഞ്ചർ
സുവിശേഷങ്ങളിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മഗ്ദലേന മറിയം. കാരണം, മഗ്ദലേന മറിയത്തെ സംബന്ധിക്കുന്ന വിവരങ്ങളിൽ അധികവും പുറത്തുള്ള ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വാചികമായ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ അവയിലെ ശരിയും തെറ്റും കണ്ടെത്തുക പ്രയാസമാണ്.
എന്നാൽ, ചെയ്യാൻ പറ്റുന്ന ഒരു കാര്യം മറിയത്തെക്കുറിച്ചു പരാമർശിക്കുന്ന ബൈബിൾ ഭാഗങ്ങൾ തിരിച്ചറിയുക അവ കൂട്ടിവായിക്കുക എന്നതാണ്. സുവിശേഷങ്ങളിൽ, മഗ്ദലന മറിയത്തെ 13 തവണ പരാമർശിക്കുന്നുണ്ട് – പ്രധാനമായി യേശുവിന്റെ പീഡാസഹനവും മരണവും പുനരുത്ഥാനം എന്നിവയുമായി മഗ്ദലേനാമറിയം ബന്ധപ്പെട്ടിരിക്കുന്നു. പുതിയ നിയമം തുറന്ന് വായിക്കാൻ തുടങ്ങുമ്പോൾ തന്നെ മറിയത്തെപ്പറ്റി പരാമർശിക്കുന്ന ഭാഗങ്ങൾ കാണാം. “ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്‌തിരുന്നവരുമായ അനേകം സ്‌ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു. അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ 27 : 55-56).
മർക്കോസിന്റെ സുവിശേഷത്തിൽ അവളുടെ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നമുക്ക് ലഭിക്കുന്നുണ്ട്. അത് ലൂക്കായുടെ സുവിശേഷത്തിലും പ്രതിധ്വനിക്കുന്നു. “ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്‌ദലേനമറിയത്തിനു പ്രത്യക്‌ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.” (മാർ 16 : 9) ലൂക്കയുടെ സുവിശേഷത്തിൽ “അശുദ്‌ധാത്‌മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്‌തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്‌മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും” (ലൂക്കാ 8 : 2) എന്ന് പരാമർശിക്കുന്നത് ഇതേ വ്യക്തിയെത്തന്നെയാണ്.
യോഹന്നാന്റെ സുവിശേഷത്തിൽ മഗ്ദലന മറിയത്തിന്റെ ആദ്യ സംഭാഷണം നാം വായിക്കുന്നു. “കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. (യോഹ 20 : 2) ഈ അധ്യായം മഗ്ദലന മറിയത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നു. യേശുവും ശിഷ്യന്മാരുമായുള്ള മറിയത്തിന്റെ ദീർഘമായ സംഭാഷണം തന്നെ ധാരാളം.
മഗ്ദലന മറിയത്തെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കൂടാതെ, “മറിയം” എന്ന സ്ത്രീയായും, വ്യഭിചാരത്തിന് ശിക്ഷിക്കപ്പെട്ട സ്ത്രീയായും പരാമർശിക്കുന്ന മറ്റ് ഭാഗങ്ങളിൽ അത് മഗ്ദലേനാമറിയം തന്നെയാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അക്കാര്യം ബൈബിൾ തിരുവെഴുത്ത് പണ്ഡിതന്മാർക്കിടയിൽ ചർച്ചാവിഷയമാണ്.