അഭിമാനം തോന്നിയ നിമിഷം!
ഫാ. ജോഷി മയ്യാറ്റിൽ
19 വർഷം മുമ്പു നടന്ന ഒരു സംഭവമാണ്. എന്റെ ഒരു അനുജത്തി ഗർഭിണിയായി. ഡോക്ടർ വ്യക്തമായി പറഞ്ഞു: ഈ കുഞ്ഞ് മാനസികവും ശാരീരികവുമായ വൈകല്യങ്ങളോടെയേ ജനിക്കൂ. അതിനാൽ, ഒഴിവാക്കുന്നതാണ് നല്ലത്.
ഇതു കേട്ടു ഞെട്ടിപ്പോയ അവൾ മനസ്സാന്നിധ്യം വീണ്ടെടുത്ത് പറഞ്ഞു: ഇല്ല. ഒരിക്കലും അതു ചെയ്യില്ല. ദൈവം തരുന്നതിനെ ഏതവസ്ഥയിലും സ്വീകരിക്കും. അവളുടെ നിശ്ചയദാർഢ്യം കണ്ട് ഹൈന്ദവ നായ ആ ഡോക്ടർ ചോദിച്ചു: വീട്ടിൽ അച്ചന്മാരോ സിസ്റ്റർമാരോ ആയി ആരെങ്കിലുമുണ്ടോ?
ജീവനെ ആദരിക്കാൻ ക്രിസ്തുവിന്റെ അനുയായികൾക്ക് ഒരു പ്രത്യേക കലയറിയാം എന്ന് അദ്ദേഹം വിചാരിച്ചുവോ, എന്തോ!
ദൈവനിശ്ചയത്താൽ ആ കുഞ്ഞ് മരിച്ചു പിറന്നു…
എന്തായാലും ഇന്നാണ് അവൾ അത് എന്നോടു പങ്കുവച്ചത്. വലിയ അഭിമാനം തോന്നി, അവളുടെ ചേട്ടനായതിൽ. അതിലും വലിയ അഭിമാനം തോന്നി, ക്രിസ്തുവിന്റെ അനുയായി ആയതിൽ.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി എന്ന ഓമനപ്പേരുള്ള ശിശുഹത്യ അവസാനിപ്പിക്കാൻ ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ഭരണകൂടങ്ങളോടും എന്റെ പ്രിയ പൊതു സമൂഹത്തോടും യാചിക്കുന്നു.