കൊല്ലം :ആറു മാസം വരെയുള്ള ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യ നിയമമായ എം ടി പി ആക്ടിന്റെ മറവിൽ വധിക്കുവാനും മെഡിക്കൽ ബോർഡിന്റെ അനുവാദത്തോടെ പ്രസവത്തിന് തൊട്ടുമുൻപ് വരെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുവാനും കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഭാരതം കൊലക്കളമാകുമെന്ന് മാത്രമല്ല വരും തലമുറ ഇല്ലാതാകുന്ന അതി ഭീകരമായ വിപത്തിലേക്ക് നാട് കടന്നുപോകുകയും ചെയ്യുമെന്ന് കൊല്ലം രൂപത അധ്യക്ഷനും കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.കേന്ദ്ര സർക്കാരിന്റെ എം ടി പി ആക്ട് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊല്ലം രൂപതയിലെ സമുദായ ഭക്ത സംഘടനകളുടെ കൂട്ടായ്മയായ അഖിലകേരള ജീവൻ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വേളാങ്കണ്ണി മാതാവിന്റെ കുരിശടിയിൽ നിന്നാരംഭിച്ചു ചിന്നക്കട ബസ് ബേയിൽ സമാപിച്ച പ്രതിഷേധ പ്രകടനത്തിന്റെ സമാപന യോഗം ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ് ഡോ പോൾ ആന്റണി മുല്ലശ്ശേരി. കൊല്ലരുത് എന്ന കല്പനയെ നിരാകരിച്ചു ജനിക്കുവാനും ജീവിക്കുവാനും ഭക്ഷിക്കുവാനും സംസാരിക്കുവാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന തലത്തിലേക്കാണ് കേന്ദ്ര ഭരണം എത്തിനിൽക്കുന്നത്. ശക്തമായ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്ന് ബിഷപ് പ്രഖ്യാപിച്ചു. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ അധ്യക്ഷത വഹിച്ചു. ജീവൻ സംരക്ഷണസമിതി ചെയർമാൻ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, ജനറൽ കൺവീനർമാരായ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽജോൺ, കെ എൽ സി ഡബ്ല്യൂ എ രൂപത പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ കോർഡിനേറ്റർ രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സബ് കോർഡിനേറ്റർ പ്രോലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ, കെ സി വൈ എം ഡയറക്ടർ ഫാ. ഷാജൻ നൊറോണ, ഹവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. മിൽട്ടൺ ജി, സെയിന്റ് ഫാൻസ് അസോസിയേഷൻ ഡയറക്ടർ ഫാ. ടെറി തങ്കച്ചൻ , ഫാ. ഐസക് , കെ സി വൈ എം രൂപത പ്രസിഡന്റ് എഡ്‌വേർഡ് രാജു,അന്തർദേശീയ യുവജന സംഘടന മിജാർക് അംഗം ഡെലിൻ ഡേവിഡ്,ജീസസ് യൂത്ത് കോർഡിനേറ്റർ ഗിഫ്റ്റൺ, ഹവിയർ ഇൻസ്റ്റിട്യൂട്ട് സെക്രട്ടറി സാജു കുരിശിങ്കൽ, കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി, രൂപത പ്രസിഡന്റ് തോപ്പിൽ ജി വിൻസെന്റ്, സി എൽ സി രൂപത പ്രസിഡന്റ് റീത്തദാസ്, സി ഡബ്ല്യൂ എ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, വിൻസെന്റ് ഡിപോൾ പ്രസിഡന്റ് ജൂഡ് ഡിക്രൂസ്, മരിയൻ വിധവ മൂവ്മെന്റ് പ്രസിഡന്റ് ഷീല ആന്റണി, ലീജിയൻ ഓഫ് മേരി സെക്രട്ടറി എ. ബ്രൂണോ, സെയിന്റ് ഫാൻസ് അസോസിയേഷൻ അസിസ്റ്റന്റ് ഡയറക്ടർ അനിത റൊസാരിയോ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും പുരോഹിതരും സിസ്റ്റേഴ്സും വിവിധസംഘടന പ്രതിനിധികൾ ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ, വിവിധ ഇടവക പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.