എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ റോബർട്ട് കർദ്ദിനാൾ സേറയുമായി ചേർന്നെഴുതിയ പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പ് ജനുവരി 15 ആം തീയതി പുറത്തിറങ്ങും.
“ഫ്രം ദി ഡെപ്ത്ത് ഓഫ് ഔർ ഹേർട്ട്സ്: പ്രീസ്റ്റ്ഹുഡ്, സെലിബസി, ആൻഡ് ദി ക്രൈസിസ് ഓഫ് ദി കാത്തലിക് ചർച്ച്” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പ് ഫെബ്രുവരി ഇരുപതാം തിയതി ഇഗ്നേഷ്യസ് പ്രസ്സ് പ്രസിദ്ധീകരിക്കും. ഈ കാലഘട്ടത്തിൽ വൈദികർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ 175 പേജുകളുള്ള പുസ്തകത്തിലൂടെ ഇരുവരും ചർച്ച ചെയ്യുന്നു ലാറ്റിനമേരിക്കയിലെ ചില പ്രദേശങ്ങളിൽ വൈദിക ബ്രഹ്മചര്യത്തിൽ ഇളവ് നൽകി, വിവാഹിതരായ ആളുകളെയും പൗരോഹിത്യത്തിനായി പരിഗണിക്കണമെന്ന് അടുത്തിടെ നടന്ന ആമസോൺ സിനഡിൽ അഭിപ്രായമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വൈദിക ബ്രഹ്മചര്യ നിയമം സഭയിൽ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുസ്തകത്തിലുടനീളം ബെനഡിക്റ്റ് മാർപാപ്പയും, കർദ്ദിനാൾ സാറയും വിശദീകരിക്കുന്നുണ്ട്.
ഭൗതികമായതെല്ലാം ഉപേക്ഷിച്ചാൽ മാത്രമേ പൗരോഹിത്യത്തിന് പൂർണ്ണത ലഭിക്കുകയുള്ളൂ എന്ന് ബെനഡിക്ട് മാർപാപ്പ ഓർമിപ്പിക്കുന്നു. വൈദികർ ധൈര്യമുള്ളവരായിരിക്കണമെന്നും, ക്രിസ്തുവിനെ പ്രതി ലോകത്തിന്റെ അപമാനമേൽക്കാൻ അവർ എപ്പോഴും സന്നദ്ധനായിരിക്കണമെന്നും എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ പുസ്തകത്തിലൂടെ വൈദികരോടായി പറയുന്നു.
കത്തോലിക്കാ സഭ ഭൗതികമായ ഒരു പ്രസ്ഥാനമല്ലെന്നും, സഭ ക്രിസ്തുവിന്റെ മണവാട്ടിയാണെന്നുമുളള യാഥാർത്ഥ്യം വൈദിക ബ്രഹ്മചര്യമാണ് ലോകത്തെ നിരന്തരം ഓർമ്മപ്പെടുത്തുന്നതെന്ന് റോബർട്ട് സേറയും പറഞ്ഞുവയ്ക്കുന്നു. പുതിയ പുസ്തകത്തിലൂടെ ആഗോള സഭയ്ക്കും, തങ്ങളുടെ സഹോദര വൈദികർക്കും പ്രത്യാശയുടെ സന്ദേശമാണ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും, കർദ്ദിനാൾ സേറയും നൽകുന്നതെന്ന് ജനുവരി പന്ത്രണ്ടാം തീയതി ഇറക്കിയ പത്രക്കുറിപ്പിൽ ഇഗ്നേഷ്യസ് പ്രസ്സ് പറഞ്ഞു.
റോബർട്ട് സേറയെ കർദ്ദിനാളായി നിയമിച്ചത് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയായിരുന്നു. വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ സേറ അദ്ദേഹത്തിന്റെ വസതിയിൽ നിരന്തരം സന്ദർശിക്കുമായിരുന്നു. ദീർഘനാൾ ഇരുവരും നടത്തിയ സംഭാഷണങ്ങളിലൂടെയാണ് പുതിയ പുസ്തകം പിറവിയെടുക്കുന്നത്.
(കടപ്പാട്: Sunday Shalom)