തിരുവനന്തപുരം രൂപതയിലെ ബിസിസി തിരഞ്ഞെടുപ്പുകളും പുതിയ സമിതികളുടെ രൂപവത്കരണവും ഡിസംബർ 20 മുതലുള്ള തീയതികളിലായി നടക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഡിസംബർ 7 ന് പുറത്തിറങ്ങിയതോടെയാണ് സഭാനേതൃത്വത്തിലെ അല്മായ പങ്കാളിത്തത്തിൻറെ ഏറ്റവും വലിയ ആഘോഷമായ ബി.സി.സി. തെരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്നത്.
ഇക്കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ വിജ്ഞാപനമനുസരിച്ച് ഡിസംബർ 13-20 തീയതികളിൽ ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇടവക വികാരിമാർ പള്ളികളിൽ വായിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തുടക്കമാകും. പതിവുപോലെ രണ്ട് വര്‍ഷക്കാലയളവിലേക്കാണ് ബി.സി.സി. കാര്യാലയത്തിൽ നിന്നും നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾക്കനുസരിച്ച് തിരഞ്ഞെടുപ്പ് നടക്കുക. പുതിയ വർഷം ഫെബ്രുവരി രണ്ടാം തീയതി പുതിയ ഇടവക കൗൺസിൽ സത്യപ്രതിജ്ഞ ചെയ്തു നേതൃത്വം ഏറ്റെടുക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് സമയക്രമീകരണം പുറത്തിറക്കിയിരിക്കുന്നത്. പുതിയ സമിതികൾ ചുമതല ഏറ്റെടുക്കുന്നത് വരെ വരെ പഴയ ധനകാര്യ- അജപാലന സമിതികൾ ചുമതലയിൽ തുടരുമെന്നും വിജ്ഞാപനം പറയുന്നു.
പൊതുവായ തിരഞ്ഞെടുപ്പ് സമയക്രമീകരണം ഇപ്രകാരമായിരിക്കും.
ഡിസംബർ 13 ആം തീയതി തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇടവകകളിൽ ഇടവക വികാരിമാർ വായിച്ച് വിശദീകരിക്കും. ഡിസംബർ 13, 20 തീയതികളിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും വേണ്ട മുന്നൊരുക്കങ്ങൾ നടത്തുതയും ചെയ്യും. തുടർന്ന് ഡിസംബർ 20 മുതൽ 31 വരെയുള്ള തീയതികളിൽ ബി. സി. സി. കളിൽ തിരഞ്ഞെടുപ്പ് നടക്കും. ജനുവരി 1 മുതൽ 10 വരെയുള്ള ദിവസങ്ങൾക്കിടയിൽ ഇടവക കൗൺസിലുകൾ രൂപീകരിക്കുകയും ഫെബ്രുവരി രണ്ടിന് പുതിയ ഇടവക കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയുംചെയ്യും. ഫെബ്രുവരി 7 -നിടക്ക് നടക്കുന്ന പ്രഥമ ഇടവക കൗൺസിൽ യോഗത്തിൽ വച്ച് കൗൺസിൽ ഭാരവാഹികളെയും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ പ്രതിനിധിയും ഇടവക സാമ്പത്തിക സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കും.ഫെബ്രുവരി 7 നും 14 നും ഇടയിൽ ഫെറോന കൗൺസിലും മറ്റു ഫെറോന സമിതികളും രൂപീകരിക്കപ്പെടും.