ആന്ധ്രാ പ്രദേശിലെ കുർണൂൽ ലത്തീൻ രൂപതയുടെ മെത്രാനായ ബിഷപ് ആന്റണി പൂളയെ ഹൈദരാബാദ് ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.
2019 ഏപ്രിലിൽ മെത്രാന്മാരുടെ വിരമിക്കൽ പ്രായം തികച്ച ഹൈദരാബാദിലെ ആർച്ച് ബിഷപ്പ് തുമ്മ ബാലയുടെ രാജി സ്വീകരിച്ച ഒഴിവിലാണ് പുതിയ നിയമനം. 2011 മുതൽ ആർച്ച്ബിഷപ് ബാല അതിരൂപതയുടെ തലവനായിരുന്നു.
1961 നവംബർ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ധുകൂരിലാണ് ബിഷപ് ആന്റണിയുടെ ജനനം. കുർണൂലിലെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ ഉന്നതപഠനം പൂർത്തിയാക്കി. 1992 ഫെബ്രുവരി 20ന് പൗരോഹിത്യം സ്വീകരിച്ചു. 46മത്തെ വയസ്സിൽ 2008 ഫെബ്രുവരി 8 ന് കുർണൂലിലെ മെത്രാനായി നിയമിക്കപ്പെട്ടു.
കാത്തലിക് യൂത്ത് കമ്മീഷൻ – തെലുങ്ക് മേഖല, പട്ടികജാതി/പിന്നോക്ക വിഭാഗ കമ്മീഷൻ, ആന്ധ്രപ്രദേശ് സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ സെക്രട്ടറി ജനറലായും ട്രഷററായും സേവനമനുഷ്ഠിച്ചു. ടിസിബിസി പുരോഹിത സമൂഹത്തിന്റെ സെക്രട്ടേറിയറ്റായ സിഖ് വില്ലേജ് കാമ്പസിന്റെ ചെയർമാനായിരുന്നു.