തങ്ങളുടെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രി സശ്രദ്ധം കാതോര്‍ത്തതായും ഉടൻ തീരുമാനമെടുക്കുമെന്ന് വാഗ്ദാനം ചെയ്തതായും ദില്ലിയിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കർദിനാൾമാർ പറഞ്ഞു.
കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഓസ്വാൾഡ് ഗ്രേസിയാസ്, സിറോ-മലബാർ സഭാതലവൻ മാര്‍ ജോർജ്ജ് അലൻചേരി, സിറോ-മലങ്കര സഭാതലവൻ ബസെലിയോസ് ക്ലീമിസ് ബാവാ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ചര്‍ച്ച നടത്തിയത്.
കുറച്ചുകാലമായി തങ്ങൾ പാപ്പായെ ക്ഷണിക്കാൻ ആവശ്യപ്പെടുകയാണെന്നും ഇത് ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്നും കർദിനാൾമാർ പറഞ്ഞു. 2018 ൽ രണ്ട് ഏഷ്യൻ അയൽ രാജ്യങ്ങളായ ബംഗ്ലാദേശും മ്യാൻമറും സന്ദർശിച്ചപ്പോൾ പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഏറെക്കാലമായി തടവിലായിരിക്കുന്ന ജെസ്യൂട്ട് സാമൂഹിക പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയുടെ കാര്യവും ചര്‍ച്ചയായി. ഭീമ കൊറെഗാവ് കേസുമായി ബന്ധമുണ്ടെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് 83 കാരനായ മനുഷ്യാവകാശ പ്രവർത്തകരെ 2020 ഒക്ടോബർ 8 നാണ് റാഞ്ചിക്കടുത്തുള്ള വസതിയിൽ നിന്നും അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ജാമ്യം പോലും ലഭിക്കാതെ തടവിലാണ് ഫാ. സ്റ്റാന്‍ സ്വാമി.
ന്യൂനപക്ഷ ഫണ്ടുകളുടെ തുല്യമായ വിതരണമായിരുന്നു യോഗത്തിൽ ചർച്ച ചെയ്ത മറ്റൊരു വിഷയം . ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ടുകൾ രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യുന്നില്ലെന്ന പരാതിയെക്കുറിച്ച് മാര്‍ ജോർജ്ജ് അലൻചേരി ചൂണ്ടിക്കാട്ടി.
മിസോറം ഗവർണർ ശ്രീ. പി എസ് ശ്രീധരൻ പിള്ള മുന്‍കൈയ്യെടുത്ത് ആരംഭിച്ച വിവിധ സഭാ മേധാവികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
2016 ഒക്ടോബർ 2 ന് ജോർജിയയിലേക്കും അസർബൈജാനിലേക്കും നടത്തിയ യാത്രയിൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.