ജൂലൈ 5-Ɔο തിയതി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, മെത്രാപ്പോലീത്ത ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.
ലോകത്തെ പ്രഥമ ടിവി. സുവിശേഷപ്രഭാഷകനായി ധന്യനായ ഷീന്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള “ഏമി അവാര്‍ഡ്” Emmy Award രണ്ടു പ്രാവശ്യം 1961-ലും 1968-ലും കരസ്ഥമാക്കിയിട്ടുണ്ട്. ധന്യനായ ഷീന്‍ വിഖ്യാതമായ ടൈം മാസികയുടെ (Time Magazine) കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജനപ്രീതിയാര്‍ജ്ജിച്ച ഷീനിന്‍റെ വചനപ്രഭാഷണങ്ങള്‍ മരണശേഷവും പുനര്‍സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഇന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളില്‍ ഷീനിന്‍റെ വിഖ്യാതമായ പ്രഭാഷണങ്ങള്‍ ലഭ്യമാണ്. അമേരിക്കയിലെ EWTN, Trnity Broadcasting Networks എന്നിവയിലൂടെയാണ് ആര്‍ച്ചുബിഷപ്പ് ഷീന്‍റെ പ്രഭാഷണങ്ങള്‍ ഏറ്റവും അധികം പുറത്തുവന്നിട്ടുള്ളത്.
ദാര്‍ശനികനും ദൈവശാസ്ത്രപണ്ഡിതനും
കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ലുവേന്‍, തോമസ് അക്വീനാസിന്‍റെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി റോം (Angelicum) എന്നിവിടങ്ങളില്‍ പഠിച്ചിട്ടുള്ള ആര്‍ച്ചുബിഷപ്പ് ഷീനിന്‍റെ അറിവും പരിജ്ഞാനവും, പ്രഭാഷണങ്ങളുടെ ഉള്‍ക്കാമ്പും കണക്കിലെടുത്തുകൊണ്ട് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുപോന്നു.
ഫുള്‍ട്ടന്‍ ജെ. ഷീനിന്‍റെ ജീവിതരേഖ
1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ജനനം.
1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1950, 60-പതുകളില്‍ ഒരു വൈദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്,” Life is worth living എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.
1969-ല്‍ 75-Ɔമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.
1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ ഭൗതികശേഷിപ്പുകള്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ ജന്മസ്ഥലമായ ഈലിനോയിലെ പ്യോറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ദൈവദാസന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്‍റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.
2019 ജൂലൈ 6-ന് ധന്യനായ ഷീനിന്‍റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.