ഭാരതകത്തോലിക്കാസഭയിലെ കേന്ദ്രീകൃത ആശയവിനിമയസംവിധാനത്തിന്റെ തുടക്കക്കാരിൽ ഒരാളും ഡൽഹി ലത്തീൻ അതിരൂപത വൈദികനുമായ ഫാ. അഗസ്റ്റിൻ കുര്യാപിള്ളി (77) അന്തരിച്ചു. ഇന്നലെ (ഓഗസ്റ്റ് 30) പുലർച്ചെ ന്യൂഡൽഹി ഓഖ്‌ല റോഡിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. അന്ത്യശുശ്രൂഷ ഓഗസ്റ്റ് 31ന് പകൽ 10:30ന് ന്യൂഡൽഹി തിരുഹൃദയഹാർട്ട് കത്തീഡ്രലിൽ നടക്കും.
കത്തോലിക്കാ സഭയിലെ മാധ്യമങ്ങൾക്കായുള്ള ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷനിൽ സജീവസാന്നിധ്യമായിരുന്നു ഫാ. കുര്യാപിള്ളി. സിനിമ, ഓഡിയോവിഷ്വൽ മേഖലയിലെ ഏഷ്യൻ സംഘടനയായ യുഎൻഡിഎ-ഒസിഐഎയിൽ അംഗമായിരുന്നു അദ്ദേഹം.
1986 ഫെബ്രുവരി ഒന്നിന് വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആദ്യമായി ഇന്ത്യ സന്ദർശിച്ചപ്പോൾ ഡൽഹി ലത്തീൻ അതിരൂപതയുടെ മാധ്യമ സംഘത്തെ അദ്ദേഹം നയിച്ചിരുന്നു. 1991ൽ ആരംഭിച്ച പ്രതിമാസ മാസികയായ ഡൽഹി വോയ്സിന്റെ സ്‌ഥാപക പത്രാധിപരായിരുന്നു. പത്തുവർഷത്തോളം അദ്ദേഹം തൽസ്‌ഥാനത്ത് തുടർന്നു.
അതിരൂപതയിലെ വിവിധ ഇടവകകളുടെ ചുമതല വഹിച്ച ഫാ. കുര്യാപിള്ളി, ഡൽഹി മലയാളി ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ചാപ്ലൈൻ, മുതിർന്നവരുടെ മതബോധനസമിതിയുടെ ഡയറക്ടർ എന്നീ പദവികളും വഹിച്ചു. ഡൽഹി നഗരത്തിന്റെ കത്തോലിക്കാ ആസ്‌ഥാനമായി വിശേഷിപ്പിക്കുന്ന തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിന്റെ ചരിത്രവിവരങ്ങൾ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ ആക്കി. 300ലേറെ വർഷത്തെ പഴക്കമുള്ള വടക്കേ ഇന്ത്യയിലെ കത്തോലിക്കാ മിഷൻ ചരിത്രവും ആ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രകാരനും നിരവധി പുസ്തകങ്ങളുടെ രചയിതാവും വചനവിചിന്തനപരിശീലകനുമായിരുന്ന ഫാ. കുര്യാപിള്ളി, കത്തോലിക്കാസഭയിലെ മാധ്യമമേഖലയിൽ ഫലപ്രദമായ ആശയവിനിമയത്തിനായി ഒരു മാനുവലും ഗൈഡും തയാറാക്കി. 1943 മെയ് 8ന് കൊച്ചിയിൽ ജനിച്ച അദ്ദേഹം 1970 നവംബർ 1ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് ആൽബർട്ട്സ് സ്‌കൂൾ, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ നാഗ്പൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും തത്വശാസ്ത്രതിലും ബിരുദം നേടി.