ഇന്ന് പൊഴിയൂരിലെ പരുത്തിയൂര്‍ തീരം സ്‌നേഹത്തിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ പൊഴിക്കുന്ന കടലുപോലെയാണ്.കാരണം കടലിന്റെ മക്കളായ മുന്ന് ചെറുപ്പക്കാര്‍ വൈദീകപട്ടം നേടി പൗരോഹിത്യ ജീവിതത്തിലേക്ക് കടക്കുന്നു.കൊറോണ സൃഷ്ടിച്ച സംഭീതിയില്‍ തീരജനതക്ക് ഇന്ന് ആഘോഷങ്ങളില്ല.അവരെല്ലാം ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ചിരുന്ന ഈ ദിനത്തില്‍ മനസ്സുകൊണ്ട് ഇവര്‍ക്കായി ഉറ്റവരെല്ലാം വീടുകളില്‍ പ്രാര്‍ത്ഥിക്കുന്നു.പള്ളിയിലെ ചടങ്ങുകളും പ്രാര്‍ത്ഥനകളിലും നൂറുപേര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.ഇന്നത്തെ പൗരോഹിത്യ ചടങ്ങ് പതിവില്‍നിന്നും വ്യത്യസ്തമായി ചരിത്രത്തില്‍ ഇടം നേടുന്നൊരു പ്രത്യേകതയുമുണ്ട്.ഒരു വീട്ടില്‍ നിന്നു രണ്ടു സഹോദരന്‍മാര്‍ ഒരേ ദിവസം വൈദീകരാവുന്നുവെന്നതാണത്. ഇത്തരമൊരു അപൂര്‍വ്വത തിരുവനന്തപുരം അതിരൂപതക്കു സ്വന്തം.മുന്നൂപേര്‍ക്കും വൈദികപട്ടം നല്‍കുന്ന ചടങ്ങിന് കാര്‍മികത്വം വഹിക്കുന്നത് അതിരുപത മെത്രോപ്പോലിത്തയായ സൂസപാക്യം പിതാവും,സഹായമെത്രാന്‍ ക്രിസ്തുദാസുമാണ്.
പരുത്തിയൂര്‍ കടപ്പുറത്ത് താമസിച്ചിരുന്ന അന്തോണിപ്പിള്ള മുത്തപ്പന്റെയും,ജെന്നി മെറ്റില്‍ഡായുടെയും എട്ടുമക്കളില്‍ ഏറ്റവും ഇളയരണ്ടുമക്കളാണ് വൈദീക പട്ടം സ്വീകരിക്കുന്നത്.ജോണ്‍സണ്‍ മുത്തപ്പനും,ജോയി മുത്തപ്പനും.തന്റെ മക്കള്‍ പൗരോഹിത്യനിറവിലെത്തുന്നത് ജീവിതത്തിലെ വലിയ സ്വപ്‌നമായി കൊണ്ടു നടന്ന അന്തോണിപ്പിള്ള ഇന്നില്ല.ഏന്നാലും അപ്പന്‍ ഈ വിശേഷപ്പെട്ട മുഹൂര്‍ത്തത്തില്‍ ഞങ്ങളോടൊപ്പമുണ്ടന്നും എല്ലാം കാണുന്നുണ്ടന്നും ഞങ്ങള്‍ക്ക് ഉറച്ചവിശ്വാസമുണ്ട്.പൊഴിയൂരിലെ ആഴക്കടലിനെ സാക്ഷിനിര്‍ത്തി ജോണ്‍സനും,ജോയിയും പറയുന്നു.
മല്‍സ്യത്തൊഴിലാളിയായ മുത്തപ്പന്‍ മുന്നുകൊല്ലം മുമ്പ് മരിച്ചു.കടപ്പുറത്തെ ചെറ്റക്കുടിലില്‍ എട്ടുമക്കളുമായി കഷ്ടപ്പെട്ട ജീവിതത്തിന് ദൈവം നല്‍കിയ വരദാനമായിട്ടാണ് തീരത്തുള്ളവര്‍ മക്കളുടെ പൗരോഹിത്യത്തെ കാണുന്നത്..കുട്ടികളുടെ പഠനത്തിനും താമസത്തിനും സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രാ ഹോം അവസരമൊരുക്കുന്നുവെന്ന കളക്ടറുടെ അറിയിപ്പാണ് എട്ടുമക്കളെയും പോറ്റാന്‍ പ്രയാസപ്പെട്ട മുത്തപ്പന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.അങ്ങിനെയാണ് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ജോണ്‍സനെയും,ജോയിയേയും ശ്രീ ചിത്രാ ഹോമിലെ ഹോസ്റ്റലില്‍ ചേര്‍ത്തത്.അനാഥ ബാല്യങ്ങളോടും,നിര്‍ദ്ധനരായ കുട്ടികളോടുമൊപ്പം കടപ്പുറത്തുനിന്നുമെത്തിയ ഇരുവരും പഠിച്ചു വളര്‍ന്നു.മാതാപിതാക്കളുടെ കരുതലും,സ്‌നേഹലാളനകളും കിട്ടേണ്ട പ്രായത്തില്‍ അതൊന്നുമില്ലാതെ ആ സ്‌നേഹം ഇവര്‍ തിരിച്ചറിഞ്ഞു.അഞ്ചുമുതല്‍ പത്തുവരെയുള്ള ശ്രീ ചിത്രാ ഹോമിലെ ജീവിതം എല്ലാം പഠിപ്പിച്ചുവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.ജീവിതത്തിന്റെ തെറ്റും ശരിയും പഠിച്ചത് ഇവിടെനിന്നാണന്നും ജോണ്‍സണ്‍ പറയുന്നു.പൗരോഹിത്യ സ്വീകരണത്തിനു രണ്ടു നാള്‍ മുമ്പ് ജോണ്‍സണ്‍ ശ്രീചിത്രാ ഹോമിലെത്തിയിരുന്നു.അവിടുത്തെ അദ്ധ്യപകരെയും പഴയ പരിചയക്കാരെയുമൊക്കെ കണ്ടു.ജീവിതത്തില്‍ മികച്ചനിലയിലേക്ക് പോകുന്നവര്‍ നിരവധിപേരുണ്ടന്ന് സുപ്രണ്ട് സാക്ഷ്യപ്പെടുത്തുന്നു.
@യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.