ബാംഗ്ലൂർ: ഫെബ്രുവരി 16 ഞായറാഴ്ച ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്ന സിസിബിഐയുടെ 32 ആം പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയിലെ അപ്പസ്തോലിക നുൻസിയോ റവ. ജിയാംബാറ്റിസ്റ്റ ഡിക്വാട്രോയാണ് പുതുക്കിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കിയത്.
“ഈ പുതിയ ലെക്ഷണറി ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർദ്ധിപ്പിക്കാനും അതുവഴി ആരാധനയിൽ സജീവമായും പൂർണ്ണമായും കർത്താവിലേക്ക് ഉയർത്തപ്പെടാനുമുള്ള ഒരു ക്ഷണമാണ്”, കർദിനാൾ ഓസ്വാൾഡ് ഗ്രേഷിയസ് പറഞ്ഞു.
പുതിയ ലെക്ഷണറിയെക്കുറിച്ച് നമ്മുടെ അല്മായർക്ക് മതിയായ നിർദ്ദേശം നൽകണമെന്ന് അദ്ദേഹം ബിഷപ്പുമാരോട് അഭ്യർത്ഥിച്ചു, അതുവഴി വായനാപുസ്തകത്തിന്റെ ഉപയോഗം ദിവ്യബലിയിലും മറ്റ് ആരാധനാ വേളകളിലും ദൈവവചനത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനും ഇടയാക്കും. എല്ലാ ആരാധനാ കൂട്ടായ്മകളും വിശ്വാസത്തിന്റെ ഫലപ്രദമായ പരിപോഷണം നടക്കും.
“സിസിബിഐ പുതിയ ലെക്ഷനറി പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്; ആഗോള സഭക്ക്, ഇന്ത്യയിലെ സഭയുടെ വിലപ്പെട്ട സംഭാവനയാണിത്. ”ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തായും സിസിബിഐ പ്രസിഡന്റുമായ ആർച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറോ പറഞ്ഞു.
2020 ഏപ്രിൽ 5-ആം തിയ്യതി, കുരുത്തോല ഞായർ മുതലുള്ള ആരാധനാഘോഷങ്ങളിൽ ഈ ലെക്ഷണറി ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങും. ഇന്ത്യൻ ലിറ്റർജിക്കൽ കലണ്ടർ പ്രകാരമാണ് പുതിയ ഇംഗ്ലീഷ് ലെക്ഷണറി തയ്യാറാക്കിയത്. ഇന്ത്യൻ വിശുദ്ധരുടെ മഹോത്സവങ്ങൾ, തിരുനാളുകൾ, ഓർമ്മദിനങ്ങൾ എന്നിവയ്ക്കായി പ്രത്യേക പ്രാർത്ഥനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.